കോഴിക്കോട്: തിരുവമ്പാടി ചാലിൽ തൊടികയിൽ സംഘർഷത്തിനിടെ ഒരാൾ മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. അയൽവാസിയായ രജീഷ് ആണ് തിരുവമ്പാടി പോലീസിന്റെ പിടിയിലായത്. ബുധനാഴ്‌ച ഉച്ചയോടെ ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. അയൽവാസികൾ തമ്മിലുണ്ടായിരുന്ന വഴക്കാണ് സംഘർഷത്തിലേക്കും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.
ചാലിൽ തൊടിക മോഹൻദാസ് (58) ആണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിനൊടുവിൽ രജീഷ് മോഹൻദാസിന്റെ തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ടൈൽസ് കൊണ്ട് തലക്കടിച്ചതാണ് മരണകാരണമെന്നാണ് സൂചന.
എന്നാൽ, പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ സംഭവസ്‌ഥലത്ത് നിന്ന് ടൈൽസിന്റെ അവശിഷ്‌ടങ്ങൾ ഒന്നുംതന്നെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം, പ്രതിയെ കൂടുതൽ ചോദ്യം ചെയ്‌ത് മരണകാരണം ഉൾപ്പടെ സ്‌ഥിരീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ തെളിവെടുപ്പിനായി ഇന്ന് ചാലിൽ തൊടികയിൽ എത്തിക്കുമെന്നും തിരുവമ്പാടി സിഐ സുമിത്ത് പറഞ്ഞു.
Read Also: വനംവകുപ്പ് ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച സംഭവം; രണ്ടുപേർ പിടിയിൽ