കൽപ്പറ്റ: വനംവകുപ്പ് ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി എആർ രാജേഷ്, കൊല്ലം സ്വദേശി പി പ്രവീൺ എന്നിവരാണ് പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്‌ഥരെന്ന വ്യാജേനയാണ് സംഘം വയനാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ കബളിപ്പിച്ചത്.
തുടർന്ന് ഒളിവിലായ പ്രതികളെ കൊല്ലത്തും തിരുവനന്തപുരത്തും നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് വീടുകളിൽ നിന്ന് കസ്‌റ്റഡിയിൽ എടുത്തത്. പ്രതികളെ പുൽപ്പള്ളിയിലെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. സംഘത്തിലുള്ള മറ്റുപ്രതികളായ ദീപക് പി ചന്ദ്, എം ഗിരീഷ് എന്നിവരെകൂടി പിടികൂടാനുണ്ട്.
വയനാട്ടിൽ എത്തിയ സംഘം വനംവകുപ്പ് ഉദ്യോഗസ്‌ഥരോട് പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്‌ഥരാണെന്നാണ് പറഞ്ഞിരുന്നത്. ഇത് തെളിയിക്കുന്ന വ്യാജ രേഖയും സംഘം ഉദ്യോഗസ്‌ഥർക്ക് കാണിച്ചിരുന്നു. തുടർന്ന് ചെതലയം ഫോറസ്‌റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനംവകുപ്പിന്റെ വാച്ച് ടവറിൽ നാല് ദിവസമാണ് സംഘം എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ചത്. എന്നാൽ, സംശയം തോന്നിയ ഉദ്യോഗസ്‌ഥർ അന്വേഷണം നടത്തിയപ്പോഴാണ് കബളിപ്പിച്ച വിവരം അറിയുന്നത്.
തുടർന്ന് തട്ടിപ്പ് സംഘമാണെന്ന് മനസിലാക്കിയതോടെ ഉദ്യോഗസ്‌ഥർ പോലീസിൽ വിവരം അറിയിക്കുകയാണ് ചെയ്‌തത്. എന്നാൽ, അപ്പോഴേക്കും പ്രതികൾ മുങ്ങിയിരുന്നു. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഇവരെ മുൻപ് കുപ്പാടിയിലെ റിസോർട്ടിൽ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് ബത്തേരി പോലീസ് താക്കീത് നൽകി വിട്ടയച്ചിരുന്നു.
Read Also: കെ-ഫോൺ പദ്ധതി; ആദ്യഘട്ട പ്രവൃത്തികൾ നവംബറോടെ പൂർത്തിയാകും