വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തഭൂമിയിലേക്ക്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നാളെ തിരച്ചിൽ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. ഞായറാഴ്‌ച ജനകീയ തിരച്ചിൽ പുനരാരംഭിക്കുമെന്നും കളക്‌ടർ അറിയിച്ചു.
നാളെ സന്നദ്ധ പ്രവർത്തകർ, തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവർ തുടങ്ങിയവർക്ക് ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ദുരന്ത പ്രദേശങ്ങളിൽ പ്രധാനമന്ത്രി മൂന്ന് മണിക്കൂർ സന്ദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ബെയ്‌ലി പാലം പ്രധാനമന്ത്രി സന്ദർശിക്കും. കൂടാതെ ക്യാമ്പുകളും കളക്‌ടറേറ്റും സന്ദർശിക്കും.
വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണത്തിന് മാത്രം 2000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് അറിയിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലേക്ക് തിരിച്ചു. ഗവർണറും മുഖ്യമന്ത്രിയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിക്കുക.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്‌റ്ററിലാണ് വയനാട്ടിലേക്ക് പോവുക. ഇതിനായി വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകൾ ഇന്നലെ കണ്ണൂരിലെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടാകും.
വയനാട് ദുരന്തത്തിൽ ഇതുവരെ 226 മരണമാണ് ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടുള്ളത്. 133 പേരെ കാണാതായിട്ടുണ്ട്. ഇന്ന് നടത്തിയ ജനകീയ തിരച്ചിലിൽ നാല് മൃതദേഹം കണ്ടെത്തി. ഇവ പോസ്‌റ്റുമോർട്ടത്തിന് അയച്ചു. ദുരിതബാധിതരെ ക്യാമ്പിൽ നിന്ന് മാറ്റിതാമസിപ്പിക്കാൻ 125 വാടക വീട് കണ്ടെത്തി. ഇന്ന് വയനാട്ടിലെത്തിയ കേന്ദ്ര സംഘവുമായി ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.
Most Read| ‘വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ല’; ഹരജി സുപ്രീം കോടതി തള്ളി