മനാമ: ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്‘ ബഹ്‌റൈനിൽ തന്നെ എഴുതാനുള്ള സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസമാണ് ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കൗൺസിൽ നിവേദനം അയച്ചത്.
കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണെന്ന് വേൾഡ് എൻആർഐ കൗൺസിലിന്റെ ബഹ്‌റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് മലബാർ ന്യൂസിനോട് പറഞ്ഞു.
മുൻ വർഷങ്ങളിൽ പരീക്ഷ എഴുതാനായി വിദ്യാർഥികൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എന്നാൽ ഇക്കുറി നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ഇത് സാധ്യമല്ല. അതിനാൽ അവസരം നഷ്‌ടപ്പെടുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
ബഹ്‌റൈനിൽ പരീക്ഷ കേന്ദ്രം അനുവദിച്ചാൽ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയും. ഇത് അയൽ രാജ്യമായ സൗദിയിൽ കഴിയുന്ന ഇന്ത്യക്കാരായ വിദ്യാർഥികൾക്കും ഗുണം ചെയ്യുന്നതാണെന്ന് നിവേദനത്തിൽ ചൂണ്ടികാണിക്കുന്നു.
ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്‌തവ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാൽ, നാഷണൽ ടെസ്‌റ്റിങ് ഏജൻസി ഡയറക്‌ടർ വിനീത് ജോഷി, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർക്കും വിഷയം ചൂണ്ടിക്കാട്ടി വേൾഡ് എൻആർഐ കൗൺസിൽ കത്തയച്ചിട്ടുണ്ട്.
Read Also: കോവിഡ്; യുഎഇയിൽ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്‌ഥിരീകരിച്ചു