തിരുവനന്തപുരം: നേപ്പാലിലുണ്ടായ ശക്‌തമായ മിന്നൽപ്രളയത്തിൽപ്പെട്ട് 53 മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി നോർക്ക റൂട്ട്സ്. ഇവരുമായി നേരിട്ട് ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്കയുടെ വിലയിരുത്തൽ.
ഇവർ നോർക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോർക്ക റൂട്ട്സ് സിഇഒ രാജേഷ് മാധവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലയാളികൾ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ആണെന്നും, എവിടെയാണെന്ന് സ്‌ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇവരുടെ ഫോൺ നമ്പറുകൾ നോർക്കയുടെ കൈവശം ഉണ്ടെങ്കിലും പ്രളയബാധിത പ്രദേശങ്ങളിലെ നെറ്റ്‌വർക്ക് സംവിധാനം പാടെ തകർന്നത് മൂലം നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
ഈ 53 പേരെക്കൂടാതെ കാസർഗോഡ് കാഞ്ഞങ്ങാടുനിന്നുള്ള 36 അംഗ സംഘവും കോട്ടയം സ്വദേശികളായ 16 അംഗ സംഘവും സുരക്ഷിതരാണെന്ന് രാജേഷ് മാധവൻ അറിയിച്ചു. ഇവർ നേപ്പാളിലെ മറ്റു ഭാഗങ്ങളിലേക്കാണ് യാത്ര ചെയ്‌തിരുന്നത്. ഈ സംഘങ്ങളുമായും ബന്ധപ്പെടാൻ കഴിഞ്ഞതായും നോർക്ക വ്യക്‌തമാക്കി.
രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡെൽഹിയിലെ നോർക്ക റൂട്ട്സ് ഡെവലപ്പ്മെന്റ് ഓഫീസർ പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹം റെസിഡന്റ് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങൾ നേരിട്ട് ഇന്ത്യൻ എംബസിക്ക് കൈമാറുന്നുണ്ട്. അവരുടെ അവസാന ലൊക്കേഷൻ സ്‌ഥിരീകരിക്കാൻ കഴിഞ്ഞാൽ നേരിട്ട് ബന്ധപ്പെടാനും കൂടുതൽ വ്യക്‌തമായ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നോർക്ക അറിയിച്ചു.
ചിലർ ടൂർ ഗ്രൂപ്പുകളെയും ചിലർ കുടുംബസമേതവും അവധി ആഘോഷിക്കാനാണ് നേപ്പാളിൽ എത്തിയത്. എല്ലാവരുടെയും കൃത്യമായ ഔദ്യോഗിക ഡാറ്റാബേസ് ലഭ്യമല്ലെന്നും നോർക്ക അറിയിച്ചു. പലരും രജിസ്‌ട്രേഷൻ പുതുക്കുകയോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയോ ചെയ്‌തിട്ടില്ലാത്തതിനാൽ ഔദ്യോഗിക രേഖകകളെ മാത്രം ആശ്രയിച്ചു കൃത്യമായ പട്ടിക തയ്യാറാക്കുന്നത് ബുദ്ധിമുട്ടാണെന്നും രാജേഷ് മാധവൻ പറഞ്ഞു.
അതേസമയം, നേപ്പാൾ പ്രളയത്തിൽ മരണസഖ്യ 177 ആയി ഉയർന്നു. ദുരന്തമേഖല പ്രധാനമന്ത്രി ബാലേന്ദ്ര ഷാ സന്ദർശിച്ചു. ആയിരക്കണക്കിന് ആളുകളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്നലെ രാവിലെ 8.37നാണ് കാഠ്‌മണ്ഡുവിന് വടക്ക് നേപ്പാൾ- ചൈന അതിർത്തി മേഖലയിൽ മിന്നൽ പ്രളയം ഉണ്ടായത്.
ടിബറ്റ് ഭാഗത്തുനിന്നും ഉത്‌ഭവിച്ച് ഒഴുകുന്ന ഭോട്ടെ കോശി നദിയിൽ അപ്രതീക്ഷിതമായി വൻ ജലപ്രവാഹമുണ്ടാവുകയും പുഴ കരകവിഞ്ഞ് ഒഴുകുകയുമായിരുന്നു. ടിബറ്റുമാറ്റി അതിർത്തി പങ്കിടുന്ന രസുവ, ധാഡിങ്, നുവാകോട്ട് എന്നീ ജില്ലകളെ ആണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്. പല ഉൾനാടൻ ഗ്രാമങ്ങളും പൂർണമായും തുടച്ചുനീക്കപ്പെട്ട നിലയിലാണ്.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം, കാരണംതേടി ശാസ്‌ത്രജ്‌ഞർ





































