കോഴിക്കോട്: ബാലുശ്ശേരി ഇയ്യാട് നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാലുശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊടുവള്ളി മാനിപുരം സ്വദേശിനിയായ തേജ ലക്ഷ്‌മിയെ (18) ഇന്നലെ രാവിലെയാണ് ഭർതൃ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, യുവതിയുടെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു.
വിവാഹം കഴിഞ്ഞു പത്ത് ദിവസം തികയും മുമ്പാണ് യുവതിയുടെ മരണം. തേജക്ക് അനക്കമില്ലെന്ന് ഭർത്താവ് ജിനു തന്നെയാണ് വീട്ടുകാരോട് പറഞ്ഞത്. തുടർന്ന് വീട്ടുകാർ മുറിയിൽ കയറി പരിശോധിച്ചപ്പോഴാണ് യുവതിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കട്ടിലിനോട് ചേർന്ന ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയിരുന്നു. മരണ കാരണം വ്യക്‌തമല്ല.
അതേസമയം, ജനലിൽ തൂങ്ങിയ നിലയിൽ കണ്ട തേജയെ അഴിച്ചു കട്ടിലിൽ കിടത്തിയെന്നാണ് ഭർത്താവ് ജിനുവിന്റെ മൊഴി. ഓമശ്ശേരിയിലെ സ്വകാര്യ സ്‌ഥാപനത്തിൽ ലാബ് കോഴ്‌സിന് പഠിക്കുകയായിരുന്നു തേജ. മാനിപുരം കാവിൽ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റേയും ജിഷിയുടെയും മകളാണ്. കഴിഞ്ഞ ഒമ്പതിനാണ് തേജയുടെയും ജിനുവിന്റെയും രജിസ്‌റ്റർ വിവാഹം നടന്നത്.
Most Read: വാക്ക് പാലിക്കുന്നില്ല; ഇന്ത്യ-ചൈന ബന്ധം ഏറ്റവും മോശം അവസ്‌ഥയിലെന്ന് വിദേശകാര്യ മന്ത്രി