ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്ന 10 ഷട്ടറുകളിൽ 9 എണ്ണവും അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നട്ടുള്ളത്. ഇത് 10 സെന്റീമീറ്റർ ഉയർത്തി സെക്കന്റിൽ 493 ഘനയടി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. അതേസമയം ഡാമിൽ ജലനിരപ്പ് 142 അടിയായി തുടരുകയാണ്.
കഴിഞ്ഞ ദിവസം വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്‌തമായതാണ് ഡാമിലേക്കുള്ള നീരൊഴുക്ക് ഉയരാൻ കാരണമായത്. നിലവിൽ 2,360 ഘനയടിയാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. ജലനിരപ്പ് 142 അടി എത്തിയതോടെയാണ് അര്‍ധരാത്രി മുന്നറിയിപ്പില്ലാതെ 10 സ്‌പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റർ വീതം ഉയർത്തിയത്.
ഒന്നരമണിക്കൂർ 60 സെന്റിമീറ്റർ തുറന്ന ഷട്ടറുകൾ പുലർച്ചെ 4.30ന് പകുതി താഴ്‌ത്തിയിരുന്നു. രാവിലെ ആറരയോടെ 5 ഷട്ടറുകൾ അടക്കുകയും ചെയ്‌തിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നതോടെ വീടുകളിൽ അടക്കം വെള്ളം കയറി. ഇതേ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്‌തിരുന്നു.
Read also: ബസ് ചാർജ് വർധന; സംസ്‌ഥാനത്ത് ഇന്ന് വിദ്യാർഥി സംഘടനകളുമായി ചർച്ച