പുൽപള്ളി: റിസർവ് വനവും കബനി പുഴയും കോട്ട കെട്ടിയ ചേകാടി ഗ്രാമത്തിലെ ജനങ്ങൾ പുറത്തുകടക്കാൻ മാർഗമില്ലാതെ വലയുന്നു. യാത്രാ സംവിധാനങ്ങളൊന്നും ഇല്ലാത്തതാണ് ആളുകളെ വലക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുല്‍പള്ളിയിലെത്താനും ചേകാടിക്കാര്‍ പ്രയാസപ്പെടുന്നു. ചേകാടിയിലേക്കുള്ള ഏക പൊതുയാത്രാ സംവിധാനമായ കെഎസ്‌ആര്‍ടിസി ബസ് ഇപ്പോൾ സർവീസ് നിർത്തി വെച്ചിരിക്കുകയാണ്.
ആശുപത്രി, ബാങ്ക്, അവശ്യസാധനങ്ങള്‍, പഠനോപകരണങ്ങള്‍, മരുന്ന്, വളം തുടങ്ങിയ വാങ്ങാനും സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിൽ എത്താനും മാര്‍ഗമില്ലാതെ കൊടുംകാട്ടില്‍ ജനം വലയുകയാണ്. പകല്‍ സമയത്തും ആനയിറങ്ങുന്ന വനപാതയിലൂടെ കിലോമീറ്ററുകള്‍ നടന്നാല്‍ മാത്രമേ കാടിറങ്ങാനാവൂ. നിവൃത്തിയില്ലാതെ ജോലിക്കിറങ്ങുന്ന പലരും നടന്നാണ് പോകുന്നത്. ഈ യാത്ര പലപ്പോഴും അപകടത്തിനും ഇടയാക്കുന്നുമുണ്ട്.
പുല്‍പള്ളി, മുള്ളന്‍കൊല്ലി പ്രദേശത്തുകാര്‍ക്ക് ചേകാടി വഴി എളുപ്പം കര്‍ണാടകയിലും കാട്ടിക്കുളം, തിരുനെല്ലി ഭാഗങ്ങളിൽ എത്താനാവും. ബത്തേരി, മാനന്തവാടി ടൗണുകളില്‍ നിന്ന് ഇതുവഴി ബസ് സര്‍വീസ് ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഗ്രാമത്തില്‍ നിന്നു പുല്‍പള്ളിയിലെത്താന്‍ 400 രൂപ ഓട്ടോക്കൂലി നല്‍കണം. കൂലിപ്പണിക്കാര്‍ക്കും ഗോത്രജനങ്ങൾക്കും ഇത്രയും തുക നൽകി ഓട്ടോ വിളിക്കാനാകില്ല. ചേകാടിയില്‍ സ്വന്തമായി വാഹനമുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ആദിവാസികളും കൃഷിക്കാരായ ചെട്ടി സമുദായക്കാരുമാണ് ചേകാടിയിലെ താമസക്കാർ.
Also Read: ലോക്ക്ഡൗൺ ഇളവ്; കോവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ വാങ്ങാം