അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയം’ ജനുവരി 21ന് തന്നെ തിയറ്ററുകളിൽ എത്തും. വിനീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും ലോക്ഡൗൺ, രാത്രികാല കർഫ്യൂ പോലുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാൽ ചിത്രം 21ന് തന്നെ എത്തുമെന്നും വിനീത് വ്യക്‌തമാക്കി.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഹൃദയ’ത്തിന്റെ റിലീസ് മാറ്റിവച്ചെന്ന തരത്തിൽ ചില വാർത്തകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണ് വിനീതിന്റെ വിശദീകരണം.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മാണത്തിലേക്ക് മെറിലാന്‍ഡ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ഹൃദയം’. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് സംഗീത സംവിധാനം. വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രാഹകൻ ആകുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് രഞ്‌ജന്‍ എബ്രഹാം ആണ്.
Most Read: വരണ്ട ചർമമാണോ നിങ്ങളുടേത്? ഇതാ ചില ഫേസ് പാക്കുകൾ