കോഴിക്കോട്: ജിഹാദിനെക്കുറിച്ചുള്ള സത്യം വിളിച്ച് പറഞ്ഞതിന്റെ പേരിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ്. സത്യം മൂടിവെക്കാൻ സർക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് ജിഹാദികളെ സംരക്ഷിക്കാനാണെന്നും കൃഷ്‌ണദാസ് ആരോപിച്ചു.
ബിഷപ്പിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും അഭിപ്രായം വ്യക്‌തമാക്കണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു. ലൗ ജിഹാദിന് പുറമെ നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കുറവിലങ്ങാട് പള്ളിയിലെ പ്രസംഗം അതീവ ഗൗരവമുള്ളതാണ്. ഇത് കേവലം സാമുദായിക വിഷയമല്ല. ലൗജിഹാദിലൂടെ മതംമാറ്റമല്ല നടക്കുന്നത്, ഒരാൾ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണ്; കൃഷ്‌ണദാസ് പറഞ്ഞു.
കഴിഞ്ഞ ആഴ്‌ച പുറത്തിറക്കിയ സർക്കുലറിൽ സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി ബിഷപ്പ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുറന്ന ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്. പ്രണയമല്ല സംഭവിക്കുന്നതെന്നും പൂർണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യമെന്നും ബിഷപ്പ് പറഞ്ഞു. അമുസ്‌ലിമായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ആയുധം ഉപയോഗിക്കാനാവാത്ത സ്‌ഥലങ്ങളിൽ ഇത്തരം മാർഗങ്ങൾ ഉപയോഗിക്കുന്നു എന്നും ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും ബിഷപ്പ് നൽകിയിരുന്നു.
അതേസമയം ക്രിസ്‌ത്യൻ സമുദായത്തിന്റെയും ഭൂരിപക്ഷ സമുദായങ്ങളുടെയും ഈ ആശങ്ക സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്ന് കൃഷ്‌ണദാസ് പറഞ്ഞു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്‌താവന പരിശോധിക്കപ്പെടേണ്ടത് ആണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും നേരത്തെ പറഞ്ഞിരുന്നു. പാലാ ബിഷപ്പ് പറഞ്ഞത് പുതിയ കാര്യമല്ലെന്നും ബിഷപ്പിനെ എല്ലാവരും ചേർന്ന് ആക്രമിക്കേണ്ട കാര്യമില്ലെന്നുമാണ് കെ സുരേന്ദ്രൻ പറഞ്ഞത്.
Most Read: ‘കാവിവൽകരണമല്ല’; സിലബസ് വിവാദത്തിൽ പ്രതികരിച്ച് കണ്ണൂർ സർവകലാശാല വിസി