തിരുവനന്തപുരം: നിലവിൽ പാർട്ടി വിടുന്നതിനെ കുറിച്ച് ആലോചനയില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ സുധാകരൻ എംപി. അഞ്ച് വർഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്ന കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം മാറിവരികയാണ്. ഇത്തവണ യുഡിഎഫ് പരാജയപ്പെട്ടാൽ അത് കോൺഗ്രസ് പാർട്ടിക്ക് വലിയ ക്ഷീണമാകുമെന്നും സുധാകരൻ പറഞ്ഞു.
സംഘടനാ രംഗത്തെ പോരായ്‌മകൾ പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസിന് നിലനിൽപ്പില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ വാർത്താ ചാനൽ പരിപാടിക്കിടെ ആയിരുന്നു സുധാകരന്റെ പ്രതികരണം. ‘പാർട്ടിക്കകത്ത് ജനാധിപത്യത്തിന്റെ പോരായ്‌മയുണ്ട്, സംഘടനാ പോരായ്‌മകൾ പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസിന് നിലനിൽപ്പുണ്ടാകില്ല’; സുധാകരന്‍ പറഞ്ഞു.
സിപിഎമ്മിന്‍റെ സംഘടനാ സംവിധാനത്തോട് കിടപിടിക്കാൻ കോൺഗ്രസിന് ആവില്ലെന്നും തനിക്ക് അവസരം കിട്ടിയാൽ പാർട്ടിയുടെ പഴയകാല പ്രവർത്തന ശൈലി പുനരുജ്‌ജീവിപ്പിക്കും എന്നും സുധാകരൻ പറഞ്ഞു. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടായാൽ അത് കോൺഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രവുമല്ല യുഡിഎഫ് – എൽഡിഎഫ് മുന്നണികൾക്ക് ബദലായി ബിജെപിയുടെ വളർച്ച തള്ളിക്കളയാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം ബിജെപിയെ വളരാൻ അനുവദിച്ചാൽ നിലവിലെ രാഷ്‌ട്രീയ സാഹചര്യം കലങ്ങിമറിയുമെന്നും കൂട്ടിച്ചേർത്തു.
Read Also: പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം; ബംഗാളിൽ സ്‌ഥാനാർഥിയെ മാറ്റി ബിജെപി