ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്നത് പഞ്ചാബിൽ നിന്നുള്ള കർഷകർ മാത്രമാണെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ നേതാവും എംപിയുമായ ഹർസിമ്രത്ത് കൗർ ബാദൽ. പഞ്ചാബ് മാത്രമല്ല, കാർഷിക നിയമങ്ങൾക്കെതിരെ രാജ്യം മുഴുവൻ പ്രതിഷേധിക്കുന്നുവെന്ന വസ്‌തുത അവഗണിക്കാൻ കേന്ദ്രത്തിന് താൽപര്യമുണ്ടെങ്കിൽ പിന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഹർസിമ്രത്ത് ബാദൽ പറഞ്ഞു.
2020 സെപ്റ്റംബറിൽ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഹർസിമ്രത്ത് ബാദൽ കേന്ദ്രമന്ത്രി സ്‌ഥാനം രാജിവച്ചിരുന്നു.
“പഞ്ചാബ് മാത്രമാണ് പ്രക്ഷോഭം നടത്തുന്നത് എന്ന തെറ്റിദ്ധാരണ ഇന്ത്യാ സർക്കാരിനുണ്ട്. രാജ്യം മുഴുവൻ പ്രതിഷേധിക്കുന്നു, എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള കർഷകരും പ്രതിഷേധ കേന്ദ്രങ്ങളിൽ ഇരിക്കുന്നു. പഞ്ചാബ് മാത്രം പ്രതിഷേധിക്കുന്നു എന്ന് അവകാശപ്പെട്ട് കണ്ണടച്ച് ഇരിക്കാനാണ് തീരുമാനമെങ്കിൽ പിന്നെ മറ്റുള്ളവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ”- ഹർസിമ്രത്ത് ബാദൽ പറഞ്ഞു.
ഡെൽഹിയിൽ നടന്ന റിപ്പബ്ളിക് ദിന അക്രമവുമായി ബന്ധപ്പെട്ട് ആളുകൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌ത നടപടിയിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെയും ഹർസിമ്രത്ത് ബാദൽ വിമർശിച്ചു. ഇവ പിൻവലിപ്പിക്കേണ്ടത് പഞ്ചാബ് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അവർ പറഞ്ഞു.
“ഡെൽഹിയിൽ പോയി പഞ്ചാബിലെ നിരപരാധികളായ യുവാക്കൾക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിച്ചുവെന്ന് ഉറപ്പാക്കേണ്ടത് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഉത്തരവാദിത്തമാണ്. എഫ്‌ഐആർ ഇല്ലാതെയാണ് അവരെ ജയിലിലടച്ചത്. അവരെ സഹായിക്കേണ്ടത് പഞ്ചാബ് സർക്കാരിന്റെ ഉത്തരവാദിത്തമാണ്, അവർ എന്താണ് ചെയ്യുന്നത്?”- ഹർസിമ്രത്ത് ബാദൽ ചോദിച്ചു.
Also Read: ഡോക്‌ടർമാരുടെ പ്രതിഷേധം ശക്‌തമാകുന്നു; 9 മുതൽ അനിശ്‌ചിതകാല സമരം