തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരം കടുപ്പിക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 9 മുതൽ അനിശ്‌ചിതകാല സമരം തുടങ്ങുമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഒപി അടക്കം ബഹിഷ്‌കരിച്ചേക്കും. നടപടി ഉണ്ടായാൽ നിയമപരമായി നീങ്ങാനാണ് സംഘടനയുടെ തീരുമാനം.
ഉടൻ ചർച്ച നടത്താനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്. നൽകാൻ പറ്റുന്നതെല്ലാം നൽകിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. കുടിശിക മുഴുവൻ നൽകാൻ പറ്റുന്ന സംവിധാനം ഇപ്പോഴില്ല. രോഗികളെ ബുദ്ധിമുട്ടിച്ച് സമരം തുടരുകയാണെങ്കിൽ കർശന നടപടിയെടുക്കുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശമ്പള പരിഷ്‌കരണം നടപ്പാക്കുക, 2016 മുതൽ ലഭിക്കേണ്ട കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പള കുടിശികയും ശമ്പള പരിഷ്‌കരണവും കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോവിഡ് മുന്നണി പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർക്കെതിരെ കടുത്ത അവഗണനയാണ് സർക്കാർ തുടരുന്നതെന്ന് സംഘടനകൾ ആരോപിക്കുന്നു.
Also Read: കോവിഡ് വ്യാപനം; കേരളത്തിൽ പരിശോധന കൂട്ടണമെന്ന് കേന്ദ്രം