തിരുവനന്തപുരം: ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി ഇന്ന് നടത്തുന്ന മെഡിക്കൽ പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. സംസ്‌ഥാന വ്യാപകമായി ഇന്ന് സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടും.
അത്യാഹിത വിഭാഗം, അടിയന്തിര ശസ്‌ത്രക്രിയ, ലേബർ റൂം ഒഴികെയുള്ള മുഴുവൻ ദൈനംദിന ഡോക്‌ടർമാരും വിട്ടുനിൽകും. ഐഎംഎ അംഗങ്ങളായ മുഴുവൻ ഡോക്‌ടർമാരും ഒപ്പം, കെജിഎംഒഎ ഉൾപ്പടെ കെജിഎംസിടിഎ, കോർപറേറ്റ് ആശുപത്രി മെഡിക്കൽ മാനേജ്‌മെന്റുകൾ തുടങ്ങി സർക്കാർ-പ്രൈവറ്റ് മേഖലയിലെ മുപ്പതോളം ഡോക്‌ടർമാരുടെ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മെഡിക്കൽ സമരത്തോട് അനുബന്ധിച്ചു തിരുവനന്തപുരത്ത് ആനയറയിലെ ഐഎംഎ ആസ്‌ഥാനത്ത് ആയിരത്തോളം ഡോക്‌ടർമാർ അണിനിരക്കുന്ന ധർണ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിൽ അതാത് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിലും ധർണ നടത്തും. അതേസമയം, ബ്രഹ്‌മപുരത്തെ പ്രത്യേക സ്‌ഥിതി വിശേഷം പരിഗണിച്ചു അവിടെ പ്രവർത്തിക്കുന്ന ക്ളിനിക്കുകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയതായി ഐഎംഎ ഭാരവാഹികൾ അറിയിച്ചു.
Most Read: സ്‌റ്റോക്ക് മാർക്കറ്റ് തട്ടിപ്പ്: എൻഎഫ്‌എഐ അസോസിയേറ്റ്സ് ഉടമകൾ അറസ്‌റ്റിൽ