മലപ്പുറം: കള്ളങ്ങളാൽ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിലിരുന്ന് കോടികളുടെ സ്‌റ്റോക്ക് മാർക്കറ്റ് തട്ടിപ്പ് നടത്തിയ യുവാക്കളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ജില്ലയിലെ വഴിക്കടവ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന എൻഎഫ്‌എഐ അസോസിയേറ്റ്സ് എന്ന സ്‌ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
പ്രതികളായ പൂവ്വത്തിപ്പൊയിൽ, വഴിക്കടവ്, കാട്ടുമഠത്തിൽ നിസാബുദ്ധീൻ (32), എടക്കര ബാർബർ മുക്കിൽ താമസിക്കുന്ന വട്ടപ്പാടം, വഴിക്കടവ്, ചക്കിപ്പറമ്പൻ മുഹമ്മദ് ഫഹദ് (34) എടക്കര സ്വദേശി വടക്കൻ ഇല്യാസ് (30) എന്നിവരെയാണ് വഴിക്കടവ് പോലീസ് ഇൻസ്പെക്‌ടർ മനോജ് പറയറ്റ അറസ്‌റ്റ് ചെയ്‌തത്.
പ്രതികൾ ദുബായിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് പിടിയിലായത്. ഓഹരി വിപണിയിൽ ലക്ഷങ്ങൾ മുടക്കിയാൽ കോടികൾ കൊയ്യാൻ സാധിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ആളുകളെ കയ്യിലെടുക്കാൻ സാധിക്കുന്ന മോഹന വാഗ്‌ദാനങ്ങളുടെ സമൂഹ മാദ്ധ്യമ പരസ്യങ്ങൾ നൽകിയാണ് കൂടുതലായും ഇവർ നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്.
വഴിക്കടവ് സ്വാദേശിയുടെ 10 ലക്ഷം രൂപ കബളിപ്പിച്ച കേസിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നത്. പണം നിക്ഷേപിച്ച ശേഷം തുടക്കത്തിൽ ലാഭവിഹിതം എന്ന പേരിൽ തുഛമായ പണം മാത്രമാണ് തിരികെ ലഭിച്ചത്. നിരവധി പേർ തട്ടിപ്പിന് ഇരകളായിരുന്നെങ്കിലും പ്രതികളുടെ ഭീഷണി കാരണം ആരും പരാതിയുമായി മുന്നോട്ട് വന്നിരുന്നില്ല.
പൈസ ഇല്ലാത്തവരിൽ നിന്നും ഭൂമിയായും നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു. ഈ ഭൂമി പ്രതികളുടെ ബിനാമികളുടെ പേരിൽ രജിസ്‌റ്റർ ചെയ്‌ത് ഷെയറിൽ നിക്ഷേപിക്കുകയും പിന്നീട് സ്‌ഥലം പ്രതികൾ കൈവശമാക്കുകയും ചെയുന്ന രീതിയും ഇവർക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
വില്ലാ പ്രൊജക്‌ട് എന്ന പേരിലും നിലമ്പൂർ കൺവെൻഷൻ സെന്റർ എന്ന പേരിലും ഓഡിറ്റോറിയം പ്രൊജക്‌ട് എന്ന പേരിലും ഇവർക്ക് തട്ടിപ്പ് ഉണ്ടായിരുന്നതായും പോലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് നിരവധി പ്രമാണങ്ങളും വ്യാജ എഗ്രിമന്റുകളും പോലീസ് പിടിച്ചെടുത്തു. പ്രതികളുടെ വഴിക്കടവിലെ ഓഫീസിൽ നിന്നും നിരവധി ബാങ്ക് അക്കൗണ്ടുകളും, ചെക്ക് ബുക്കും കൂടാതെ നിരവധി മുദ്ര പേപ്പറുകളും കമ്പ്യൂട്ടറുകളും, പ്രതികളുടെ കാറും ഉൾപ്പടെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രതികളുടെ ഓഫീസ് പോലീസ് പൂട്ടി സീൽ ചെയ്‌തു. പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തതറിഞ്ഞു നിരവധി പേർ പരാതിയുമായി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. പണം നഷ്‌ടപ്പെട്ടവർ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്.
നിലമ്പൂർ ഡിവൈഎസ്‍പി സാജു കെ ഏബ്രഹാമിന്റെ നിർദേശത്തെ തുടർന്ന് വഴിക്കടവ് ഇൻസ്‌പെക്‌ടർ മനോജ് പറയറ്റയുടെ നേത്യത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കുറച്ച് ദിവസമായി പ്രതികളെ നിരീക്ഷിച്ച് വരവേയാണ് പോലീസ് പിടിയിലായത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്ക് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. അന്വേഷണ സംഘത്തിൽ എഎസ്‌ഐ മനോജ് കെ, പോലീസുകാരായ റിയാസ് ചീനി, പ്രശാന്ത് കുമാർ എസ്, പ്രദീപ് ഇജി, അബ്‌ദുൽ നാസർ കെ, ശ്രീകാന്ത് എസ്, നിജേഷ് കെ, ഗീത കെസി എന്നിവരും ഉണ്ടായിരുന്നു.
Most Read: കോവിഡ്; കേരളം ഉൾപ്പടെയുള്ള ആറു സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ്