കൊച്ചി: വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് തെളിയിക്കുന്ന രേഖകൾ സിബിഐക്ക് കൈമാറി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. കേസിൽ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന പരാതി സഹിതമാണ് അനിൽ അക്കര രേഖകൾ കൈമാറിയത്. കേസിൽ ഇഡി അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടക്കുന്ന പശ്‌ചാത്തലത്തിലാണ് അനിൽ അക്കര രേഖകൾ കൈമാറിയിരിക്കുന്നത്.
ഇടപാട് സംബന്ധിച്ച് ലൈഫ് മിഷൻ സിഇഒ, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയ കത്ത് ഉൾപ്പടെയുള്ള രേഖകളാണ് അദ്ദേഹം സിബിഐക്ക് കൈമാറിയത്. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന തെളിവുകൾ വാർത്താസമ്മേളനത്തിൽ അനിൽ അക്കര പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ, സിബിഐ സംഘം അനിൽ അക്കരയുമായി ബന്ധപ്പെട്ടിരുന്നു. തുടർന്നാണ്, നിർണായക രേഖകൾ സിബിഐക്ക് കൈമാറിയിരിക്കുന്നത്.
ലൈഫ് മിഷൻ ഇടപാടിലെ ഗൂഢാലോചനയിൽ മുഖ്യമന്ത്രി പങ്കാളിയാണെന്ന് തെളിയിക്കുന്നതാണ് രേഖകളെന്നും ഈജിപ്ഷ്യൻ പൗരൻ ഖാലിദ് കടത്തിയ ഡോളർ മുഖ്യമന്ത്രിക്ക് ഉൾപ്പടെ ലഭിച്ച അഴിമതി പണം ആണെന്നും പരാതിയിൽ പറയുന്നു. വിദേശ നാണയ വിനിമയ ചട്ടത്തിന് പുറമെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കണം, മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌ത് തെളിവുകൾ ശേഖരിച്ചു സുപ്രീം കോടതിയിൽ റിപ്പോർട് സമർപ്പിക്കണം എന്നീ ആവശ്യങ്ങളും അനിൽ അക്കര പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
ലൈഫ് മിഷൻ സിഇഒ യുവി ജോസ്, മുൻ മന്ത്രി എസി മൊയ്‌തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയ കത്താണ് അനിൽ അക്കര വാർത്താ സമ്മേളനത്തിനിടെ പുറത്തുവിട്ടത്. യോഗത്തിൽ പങ്കെടുത്തത് കോൺസൽ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും പങ്കെടുത്തുവെന്നും വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചുവെന്നും അനിൽ അക്കര ആരോപിച്ചിരുന്നു.
ലൈഫ് മിഷൻ അഴിമതിയുടെ ഗൂഢാലോചനയുടെ തുടക്കം ക്ളിഫ് ഹൗസിൽ നിന്നാണെന്നും മുഖ്യമന്ത്രി മുഖ്യ സൂത്രധാരനാണെന്നും അനിൽ അക്കര ആരോപിച്ചു. അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്‌ഥാന രഹിതമാണെന്ന് അനിൽ അക്കര പറയുന്നു. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്‌ട് നിയമലംഘനം, നൂറു ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്നാണ് അനിൽ അക്കരയുടെ ആരോപണം.
Most Read: കോവിഡ്; കേരളം ഉൾപ്പടെയുള്ള ആറു സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ്