ഹൈറിച്ചിന്റേത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്, വിശദമായ അന്വേഷണം വേണം; ഇഡി

തൃശൂർ ആസ്‌ഥാനമായ ഹൈറിച്ച് കമ്പനി ഉടമകളുടെ തട്ടിപ്പിൽ വിശദമായ അന്വേഷണം വേണമെന്നും പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്നും ഇഡി സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

By Trainee Reporter, Malabar News
highrich money fraud case
Ajwa Travels

തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ഓൺലൈൻ നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനിയായ ഹൈറിച്ചിന്റെ ഉടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ എതിർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ സാമ്പത്തിക, നിക്ഷേപ തട്ടിപ്പുകളിൽ ഒന്നാണ് ഹൈറിച്ചുമായി ബന്ധപ്പെട്ടുള്ളതെന്ന് ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള  സത്യവാങ്മൂലത്തിൽ ഇഡി പറയുന്നു.

തൃശൂർ ആസ്‌ഥാനമായ ഹൈറിച്ച് കമ്പനി ഉടമകളുടെ തട്ടിപ്പിൽ വിശദമായ അന്വേഷണം വേണമെന്നും പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്നും ഇഡി സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. പ്രതികൾ സ്‌ഥിരം കുറ്റവാളികളാണെന്ന് ചൂണ്ടിക്കാട്ടിയ ഇഡി, കേരളത്തിൽ മാത്രം 19 സ്‌ഥലങ്ങളിൽ ഇവർക്കെതിരെ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇതിന്റെ രേഖകളും കോടതിയിൽ സമർപ്പിച്ചു. ഇതോടെ കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി.

ക്രിപ്‌റ്റോ കറൻസി, ഒടിടി പ്ളാറ്റുഫോം എന്നിവയുടെ മറവിലാണ് കമ്പനിയുടെ എംഡി കെഡി പ്രതാപൻ, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീന പ്രതാപൻ എന്നിവർ ചേർന്ന് തട്ടിപ്പ് നടത്തിയത്. തൃശൂർ ആസ്‌ഥാനമായ ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വ്യക്‌തമാക്കി ചേർപ്പ് പോലീസ് നേരത്തെ കോടതിയിൽ റിപ്പോർട് നൽകിയിരുന്നു. എന്നാൽ, 100 കോടി രൂപയുടെ ഹവാല കടത്തുമായി ബന്ധപ്പെട്ടാണ് ഇഡി ഈ കേസ് അന്വേഷിക്കുന്നത്.

ഇതിനിടെ, 126 കോടി രൂപ വെട്ടിച്ചുവെന്ന് സംസ്‌ഥാന ജിഎസ്‌ടി വിഭാഗം കണ്ടെത്തുകയും ഉടമയായ കെഡി പ്രതാപൻ അറസ്‌റ്റിലാവുകയും ചെയ്‌തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. ഇക്കാര്യങ്ങളെല്ലാം കോടതിയിൽ സമർപ്പിച്ച 12 പേജ് വരുന്ന എതിർ സത്യവാങ്മൂലത്തിൽ ഇഡി ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ വഴി പലചരക്ക് സാധനങ്ങൾ ഉൾപ്പടെ വിൽക്കുന്ന കമ്പനി ഓൺലൈൻ മണിചെയിൻ അടക്കം ആരംഭിക്കുകയും ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത്‌ ജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു തട്ടിപ്പ് നടത്തുകയും ചെയ്‌തു എന്നതടക്കം നിരവധി പരാതികൾ നിലവിലുണ്ട്.

ഇതിൽ വലിയൊരു പങ്ക് വിദേശത്തേക്ക് കടത്തിയതായാണ് വിവരം, കാനഡയിൽ രൂപീകരിച്ച കമ്പനി കേന്ദ്രീകരിച്ചും ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാനഡയിൽ കമ്പനി രുപീകരിച്ചത് ഹവാല ഇടപാടുകളുടെ ഭാഗമാണെന്നുമാണ് ഇഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ക്രിപ്‌റ്റോ ഇടപാടുകൾ നടത്തിയതെന്നും കണ്ടെത്തലുണ്ട്.

വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര നൽകിയ പരാതിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കമ്പനിയുടെ എംഡി കെഡി പ്രതാപൻ, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീന പ്രതാപൻ, ഡ്രൈവർ ശരൺ എന്നിവർ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധനക്കായി എത്തുന്ന വിവരമറിഞ്ഞു വീട്ടിൽ നിന്ന് മുങ്ങിയിരുന്നു. ഇവരിപ്പോൾ ഒളിവിലാണ്. പിന്നാലെയാണ് മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

Most Read| കടൽക്കൊള്ളക്കാർ ബന്ദികളാക്കിയ 19 പാക് ജീവനക്കാരെ മോചിപ്പിച്ചു ഇന്ത്യൻ നാവികസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE