തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഒപി ബ്ളോക്ക് ഒറ്റ ദിവസംകൊണ്ട് വൃത്തിയാക്കി ആശുപത്രി ജീവനക്കാര്‍. ഞായറാഴ്‌ച അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാരാണ് ശുചീകരണ യജ്‌ഞത്തില്‍ പങ്കാളികളായത്.
മൂന്നുനിലകളുള്ള കെട്ടിടത്തിലെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കി. ഇതോടൊപ്പം വീല്‍ചെയര്‍, ട്രോളി, കസേരകള്‍ എന്നിവ കഴുകി വൃത്തിയാക്കുകയും ചെയ്‌തു. ജീവനക്കാരെ നേരിട്ടെത്തി ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ‘അവധി ദിനത്തിലെ ജീവനക്കാരുടെ ആത്‌മാര്‍ഥ പ്രവര്‍ത്തനം മാതൃകാപരമാണ്. സിക വൈറസ് രോഗവും മറ്റ് പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്ന സമയത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കാന്‍ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ ഇതിനായി ഒറ്റക്കെട്ടായി കൈകോര്‍ക്കുന്ന കാഴ്‌ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാണാന്‍ കഴിഞ്ഞത്’, മന്ത്രി വ്യക്‌തമാക്കി.
അതേസമയം കോവിഡ് ചികിൽസയില്‍ കഴിയുന്ന രോഗികളുടെ വിവരങ്ങള്‍ കൈമാറാനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ‘വീട്ടിലേക്ക് വിളിക്കാം’ പദ്ധതിയിലും ആരോഗ്യ വകുപ്പ് മന്ത്രി പങ്കുചേർന്നു.
മെഡിക്കല്‍ കോളേജ് കോവിഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചാണ് രോഗിയുടെ ബന്ധുവിനെ വിളിച്ച് വിവരം കൈമാറിയത്. ഒപി ബ്ളോക്കില്‍ തന്നെയാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെയാണ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം രോഗികള്‍ക്ക് ബന്ധുക്കളുമായി സംവദിക്കാന്‍ പുതിയ പദ്ധതി ആരംഭിച്ചത്.
Most Read: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തീരുമാനം തെറ്റെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ