വയനാട്: നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്. നാലുപേരെ കൊന്ന സാഹചര്യത്തിലാണ് കടുവയെ കൊല്ലാൻ വനംവകുപ്പ് ഉത്തരവിട്ടത്. കടുവയെ പിടികൂടി ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിൽ എത്തിക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. എന്നാൽ, ഇന്ന് ഉച്ചയ്‌ക്ക് ഒരാളെ കൂടി കടുവ ആക്രമിച്ച് കൊന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ജനരോക്ഷം ശക്‌തമാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് വനംവകുപ്പ് കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ടത്.
മസിനഗുഡിക്ക് സമീപമുള്ള കുറുമർ കോളനിയിലെ മങ്കള ബസുവനെ (65) ആണ് ഇന്ന് ഉച്ചയ്‌ക്ക് 12.45 ഓടെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. പശുക്കളെ മേയ്‌ക്കാനായി പോയപ്പോഴാണ് മസിനഗുഡിക്ക് സമീപം വെച്ച് കടുവയുടെ ആക്രമണം ഉണ്ടായത്. അരക്ക് മുകളിലുള്ള ശരീര ഭാഗം പൂർണമായി ഭക്ഷിച്ച നിലയിലായിരുന്നു. ആളുകളുടെ ബഹളം കേട്ടതോടെ ഒരു കൈ കടിച്ചു കൊണ്ട് കടുവ ഓടിരക്ഷപെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇവിടെ രണ്ടു മാസത്തിനിടെ ഗൗരിയെന്ന ആദിവാസി സ്‌ത്രീയെയും കടുവ കൊന്നിരുന്നു. വീടിന് അമീപത്തെ കാട്ടിൽ വിറക് എടുക്കാൻ പോയപ്പോഴാണ് ഗൗരിയെ കടുവ ആക്രമിച്ച് കൊന്നത്. അതേസമയം, മുൻപ് ഇതേ സ്‌ഥലത്ത് നിന്ന് മുതുമലക്കടത്ത് സ്വദേശിയായ കുഞ്ഞികൃഷ്‌ണൻ എന്നയാളെ കാലികളെ മേയ്‌ക്കുന്നതിനിടെ കടുവ ആക്രമിച്ച് കൊന്നിരുന്നു. കൂടാതെ, കഴിഞ്ഞ 24ന് കന്നുകാലികളെ മേയ്‌ക്കുന്നതിനിടയിൽ ദേവൻ ഭാഗത്ത് ചന്ദ്രൻ എന്നയാളെ കടുവ കൊന്നിരുന്നു. ഇതേ തുടർന്ന് ജില്ലയിൽ വൻ ജനരോക്ഷമാണ് ഉയർന്നത്.
Read Also: നടൻ വിക്രമിന്റെ പേരിലും മോൻസൺ തട്ടിപ്പ്; 50 കോടിയ്‌ക്ക് സ്‌ഥാപനം വാങ്ങാൻ ശ്രമം