കോഴിക്കോട്: കിഴക്കെനടക്കാവിലെ ക്രോസ്‌റോഡിൽ ഓവുചാൽ നിർമാണത്തിന് തടസമായിരുന്ന മൂന്ന് ബസ് ഷെൽട്ടറുകളും പൊളിച്ചുനീക്കി. പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശ പ്രകാരം പരസ്യം സ്‌ഥാപിച്ചവർ തന്നെയാണ് ഇത് പൊളിച്ചു നീക്കിയത്. ഇതോടെ നിലവിൽ കോർപ്പറേഷന്റെ ഷോപ്പിങ് കോംപ്ളക്‌സിന് മുൻവശത്ത് മാത്രമേ ബസ് സ്‌റ്റോപ്പ് നിർമിക്കാനുള്ള സ്‌ഥലമുള്ളൂ.
അതുകൊണ്ട് തന്നെ പുതിയത് പണിയാൻ കോർപ്പറേഷൻ അനുമതി നൽകണമെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആർ വിനയരാജ് പറഞ്ഞു. പകുതി ഓവുചാലിനുമുകളിലും പകുതി കോർപ്പറേഷന്റെ സ്‌ഥലത്തുമായി നീളത്തിൽ ഒരു ഷെൽട്ടർ പണിയാനാണ് ലക്ഷ്യമിടുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രമില്ലെങ്കിൽ ഒട്ടേറെ യാത്രക്കാരെ അത് ബാധിക്കും.
വെള്ളിമാടുകുന്ന്, കക്കോടി എന്നിവിടങ്ങളിലേക്കുള്ള സിറ്റിബസുകളും ബാലുശ്ശേരി, നരിക്കുനി ഭാഗങ്ങളിലേക്കുള്ള ലൈൻബസുകളും ഇവിടെ നിർത്താറുണ്ട്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന കാത്തിരിപ്പ് കേന്ദ്രമായതിനാൽ അടിയന്തര നടപടി വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. ബസ് ഷെൽട്ടറുകൾ പൊളിച്ചു മാറ്റിയതിനാൽ ഇന്ന് മുതൽ ഓവുചാലിന്റെ നിർമാണം തുടങ്ങും.
Read Also: ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം; കടകൾ അടച്ചിടും