റെഡ് സീ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ തിളങ്ങാൻ മലയാള ചിത്രം. നവാഗതനായ നിതിൻ ലൂക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘പക(റിവർ ഓഫ് ബ്ളഡ്)’ ആണ് ഡിസംബർ 6 മുതൽ 12 വരെ നടക്കുന്ന റെഡ് സീ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അറേബ്യൻ പ്രീമിയറായാണ് ചിത്രം പ്രദർശിപ്പിക്കുക.
ബോളിവുഡ് സംവിധായകനും എഴുത്തുകാരനും നിർമാതാവുമായ അനുരാഗ് കശ്യപും രാജ് രച കൊണ്ടയും ചേർന്നാണ് ചിത്രം നിർമിച്ചത്. അർജുൻ കപൂർ അടക്കമുള്ള ബോളിവുഡ് താരങ്ങൾ ‘പക’യുടെ പോസ്‌റ്റർ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചിരുന്നു. ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
നേരത്തെ ടൊറന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്കും പിങ്ക്യാവോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൊറന്റോയിൽ ഡിസ്‌കവറി വിഭാഗത്തിൽ വേൾഡ് പ്രീമിയർ ആയും പിങ്ക്യാവോയിൽ ഏഷ്യൻ പ്രീമിയർ ആയുമാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്. കൂടാതെ എൻഎഫ്‌ഡിസി വർക്ക് ഇൻ പ്രോഗ്രസ് ലാബിൽ മികച്ച ചിത്രമായും ‘പക’യെ തിരഞ്ഞെടുത്തിരുന്നു.
Most Read: ജയ് ഭീം; യഥാർഥ ‘സെങ്കിനി’ക്ക് സഹായവുമായി സൂര്യ