കൊച്ചി: ചികിൽസയ്‌ക്കായി കൊച്ചിയിൽ എത്തിയ പാക് പൗരൻമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഇമ്രാൻ ഖാനും അലി അസ്‌ഗറിനും ഇനി നാട്ടിലേക്ക് മടങ്ങാം. അനധികൃതമായി രാജ്യത്ത് തങ്ങിയെന്ന പേരിലായിരുന്നു പോലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. എന്നാൽ, ഇവർക്ക് വ്യക്‌തമായ യാത്രാരേഖകളും അനുമതിയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്.
ഇമ്രാനും അലി അസ്‌ഗറിനും നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ പോലീസ് ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനകം നൽകണമെന്നും ജസ്‌റ്റിസ് ഹരിപാലിന്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. നട്ടെല്ലിനേറ്റ പരുക്കിന് ചികിൽസ തേടി ഓഗസ്‌റ്റിലാണ് ഇവർ മസ്‌കറ്റിൽ നിന്നും ചെന്നൈ വഴി കൊച്ചിയിൽ എത്തിയത്. ഇവർ കേരളത്തിൽ എത്തിയ വിവരം കാക്കനാട്ടെ സ്വകാര്യ ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചിരുന്നു.
ചികിൽസ പൂർത്തിയാക്കി തിരികെ പോകുന്നതിന് മുൻപ് പോലീസ് ക്‌ളിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയപ്പോഴാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Read also: പാക് ക്രിക്കറ്റ് വിജയാഘോഷം; കശ്‌മീരിൽ മെഡിക്കൽ വിദ്യാർഥിനികൾക്ക് എതിരെ യുഎപിഎ