പുല്‍പള്ളി: 7 മാസങ്ങള്‍ക്ക് ശേഷം പുല്‍പ്പള്ളി പെരിക്കല്ലൂര്‍ തോണിക്കടവ് തുറന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന തോണി സര്‍വീസുകള്‍ ഇവിടെ നിര്‍ത്തിവെച്ചത്. കബനി നദിയിലെ ഒരു ഭാഗം പെരിക്കല്ലൂരും മറുഭാഗം കര്‍ണാടകയിലെ ബൈരകുപ്പയിലുമാണ്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഇവിടുത്തെ തോണി സര്‍വീസുകള്‍. മഴ ശക്‌തമായാല്‍ കബനി കരകവിയും. അപ്പോള്‍ മാത്രമാണ് ഇവിടത്തെ തോണി സര്‍വീസ് നിര്‍ത്തിവെക്കാറുള്ളത്.
Read also: കണ്ണഞ്ചേരിയിൽ ഇരുനിലക്കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു
കഴിഞ്ഞ ദിവസം ബൈരകുപ്പ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ തോണിക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍വീസ് വീണ്ടും തുടങ്ങാന്‍ തീരുമാനമായത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് സര്‍വീസ് ആരംഭിച്ചത്. 5 യാത്രക്കാരെ മാത്രമാണ് തോണിയില്‍ കയറാന്‍ സമ്മതിക്കുക. കടവ് കടക്കുന്നവരുടെ പേരും ഫോണ്‍ നമ്പറും ശേഖരിക്കും. സാനിറ്റൈസറും മുഖാവരണവും നിര്‍ബന്ധമാണ്.