കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി നടൻ ദിലീപ് സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജി ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ ആയിരിക്കും പരിഗണിക്കുക.
നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പോലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നാണ് ദിലീപിന്റെ വാദം. എന്നാൽ ദിലീപിനെതിരെ വ്യക്‌തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. തെളിവുകൾ നശിപ്പിച്ചു എന്ന വാദം ദിലീപ് നിഷേധിച്ചിട്ടുണ്ട്. വധ ഗൂഢാലോചന കേസ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ കോടതി നിരസിച്ചിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഏഴ് മണിക്കൂറാണ് ദിലീപിനെ ആലുവ പോലീസ് ക്ളബ്ബിൽ വച്ച് ചോദ്യം ചെയ്‌തത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ എത്തിയോ, മുഖ്യപ്രതിയുമായുള്ള ദിലീപിന്റെ അടുപ്പം എന്നിവ സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുള്ളവർ നൽകിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങൾ എന്നിവയെല്ലാമാണ് ദിലീപിൽ നിന്ന് ചോദിച്ചറിയാനുള്ളത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നാണ് ദിലീപിന്റെ വാദം. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ദിലീപ് പറഞ്ഞത്.
Most Read: മറന്നുവെച്ച ഒന്നര ലക്ഷം രൂപ ഉടമക്ക് തിരിച്ച് നൽകി ബസ് കണ്ടക്‌ടർ