തിരുവനന്തപുരം: എക്സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇഡി റെയ്ഡിനിടെ കസ്റ്റഡിയിലെടുത്ത വീണാ വിജയന്റെ ഫോൺ പരിശോധന നിർണായകമാകും. ഇന്നലെ നടന്ന റെയ്ഡിൽ വീണയുടെ സ്വകാര്യ ഫോണും ഇഡി പിടിച്ചെടുത്തിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കായി ഫോൺ കോടതിയിൽ സമർപ്പിക്കും.
വീണയുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. ഡിജിറ്റൽ തെളിവുകൾ പിഎംഎൽഎ കോടതിയിൽ സമർപ്പിക്കും. പിണറായി വിജയന്റെ വീട്ടിൽ നിന്ന് രേഖകൾ കണ്ടെത്തിയതായി ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. വീണയുടെ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു.
242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായാണ് ഇഡി വ്യക്തമാക്കുന്നത്. രേഖകൾ, അക്കൗണ്ടുകൾ, ഡിജിറ്റൽ തെളിവുകൾ, നിക്ഷേപങ്ങൾ, ബാങ്ക് എഫ്ഡി എന്നിവ കണ്ടെത്തിയതായും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. കണ്ടെത്തിയ തെളിവുകൾ പരിശോധിച്ചു വരികയാണ്. സിഎംആർഎല്ലിൽ നിന്നും പണം കൈപ്പറ്റിയ മറ്റുള്ളവരെ കുറിച്ചും അന്വേഷണം തുടരുമെന്നും ഇഡി വ്യക്തമാക്കി.
മാസപ്പടി കേസിൽ പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിലടക്കം 12 ഇടങ്ങളിലാണ് കഴിഞ്ഞദിവസം ഇഡി റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വീട്ടിലെ പരിശോധന എട്ടര മണിക്കൂറോളം നീണ്ടു. റെയിഡിന് പിന്നാലെ വൻ സംഘർഷങ്ങളും ഉണ്ടായി. പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ നാലുപേർ അറസ്റ്റിലായി. ഇഡി വാഹനം തകർത്തതിലും ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലുമാണ് അറസ്റ്റ്.
Most Read| 20 വർഷത്തെ ജയിൽ വാസത്തിന് ശേഷം അബ്ദുൽ റഹീം ജൻമ നാട്ടിൽ തിരിച്ചെത്തി






































