തിരുവനന്തപുരം: എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇഡി റെയ്‌ഡിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ കേരള പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
അക്രമാസക്‌തമായ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിൽ പോലീസിന് വീഴ്‌ച പറ്റിയെന്നും, കേസ് രജിസ്‌റ്റർ ചെയ്യുന്നതിലും പ്രതികളെ പിടികൂടുന്നതിലും ഗുരുതരമായ അനാസ്‌ഥ ഉണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എട്ട് മണിക്കൂർ നീണ്ടുനിന്ന റെയ്‌ഡിനിടെ പുറത്ത് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ സംസ്‌ഥാന ആഭ്യന്തര വകുപ്പിന് വീഴ്‌ച പറ്റി.
ഇഡി വാഹനം ആക്രമിക്കാൻ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്ക് ചില പോലീസ് ഉദ്യോഗസ്‌ഥർ സൗകര്യം ഒരുക്കിക്കൊടുത്തെന്ന സംശയവും റിപ്പോർട്ടിലുണ്ട്. ആക്രമണത്തിന് ശേഷം പ്രതികൾ നേരെ പോയത് പാളയത്തെ പാർട്ടി ഓഫീസിലേക്കാണ്. മണിക്കൂറുകളോളം പ്രതികളെ അവിടെ ഉണ്ടായിരുന്നിട്ടും പോലീസിന് അവരെ കസ്‌റ്റഡിയിലെടുക്കാൻ സാധിച്ചില്ലെന്നും, പിന്നീട് പ്രതികൾ സ്വമേധയാ പുറത്തുവന്നപ്പോഴാണ് നടപടി ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബേക്കറി ജങ്ഷന് സമീപം പിണറായി വിജയന്റെ വാടക വീടിന് പുറത്ത് ഡിസിപിയുടെ മേൽനോട്ടത്തിലായിരുന്നു സുരക്ഷ ഒരുക്കിയിരുന്നത്. മ്യൂസിയം എസ്എച്ച്ഒ ആണ് നേതൃത്വം വഹിച്ചത്. പുറത്ത് സംഘടിച്ച പ്രവർത്തകരുടെ കൂട്ടത്തിൽ ഉണ്ടയായിരുന്ന സിപിഎം മുൻ കൗൺസിലറോടും നിലവിലെ കൗൺസിലറോടും സൗഹൃദ സംഭാഷണത്തിലായിരുന്നു എസ്എച്ച്ഒ എന്നാണ് കണ്ടെത്തൽ.
അതേസമയം, അന്വേഷണ ഉദ്യോഗസ്‌ഥർ എത്തുന്ന വിവരം ആഭ്യന്തര വകുപ്പിനെയോ സെക്രട്ടറിയെയോ അറിയിച്ചിരുന്നില്ലെന്നാണ് സർക്കാർ പക്ഷം. സിആർപിഎഫ് ക്യാമ്പ് അടുത്തായിരുന്നിട്ടും ഇഡി ഉദ്യോഗസ്‌ഥർ കൂടുതൽ സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും സർക്കാർ വ്യക്‌തമാക്കി.
Most Read| ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; ഒമാന് മുന്നറിയിപ്പുമായി ട്രംപ്




































