ഇടത് സര്‍ക്കാരിന് തിരിച്ചുവരവ് അസാധ്യം, സിബിഐ അന്വേഷണം വേണം; പി കെ കുഞ്ഞാലിക്കുട്ടി

By Desk Reporter, Malabar News
Malabar News_PK Kunhalikutty
എംപി പി.കെ കുഞ്ഞാലിക്കുട്ടി
Ajwa Travels

മലപ്പുറം: അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടത് സര്‍ക്കാരിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്നും ഇതുവരെ ഉണ്ടായ എല്ലാ അഴിമതി ആരോപണങ്ങളിലും സിബിഐ അന്വേഷണം ആവശ്യമാണെന്നും എംപി പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിച്ച് പരമാവധി പണം തട്ടല്‍ ലക്ഷ്യമാക്കിയ സംഘമാണ് ഭരണത്തില്‍ തുടരുന്നത്. മലപ്പുറത്ത് നിന്ന് നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ ശക്തമായി രീതിയില്‍ പ്രതികരിച്ചത്.

ലൈഫ് മിഷന്‍ തട്ടിപ്പ് മാത്രമാണ് പുറത്ത് വന്നതെന്നും സ്വര്‍ണകള്ളക്കടത്ത് മാഫിയയുടെ അഴിമതിശൃഖല വളരെ വലുതാണെന്നും അത് ഇനിയുമേറെ പുറത്ത് വരാനുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. ഭരണകൂടമിപ്പോള്‍ കമ്മീഷന്‍ ഏജന്റുമാരുടെ നിയന്ത്രണത്തിലാണ്. സ്വപ്‌ന സുരേഷ് മന്ത്രിമാരുടെ ഓഫീസുകളിലെല്ലാം കയറിയിറങ്ങി. അവിടെ പലതും നടന്നിട്ടുണ്ടാകാം. ഓഫീസുകളിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വരേണ്ടതുണ്ട്. എന്നാലത് പുറത്ത് വരാതിരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്; അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് യു എ ഇ നല്‍കിയ 20 കോടിയില്‍ നിന്ന് 4 കോടി അടിച്ചു മാറ്റി. ഇതിലൂടെ യുഎഇ സര്‍ക്കാരിനെയാണ് കേരള സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്നത്. ഇത് കേരള ജനതയെ യുഎഇക്ക് മുന്നില്‍ നാണം കെടുത്തുന്ന അഴിമതിയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഴിമതിക്കായി ഒരു നെറ്റുവര്‍ക്ക് തന്നെ ഉണ്ടാക്കി. എല്ലാ വകുപ്പുകളിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇടപെട്ടു എന്നാണ് മനസിലാക്കുന്നത്. ലൈഫ് മിഷന്‍ തട്ടിപ്പ് നാണക്കേടാണ്. ഓണകിറ്റില്‍ പോലും അഴിമതി നടത്തുന്ന ഒരു സര്‍ക്കാര്‍ എങ്ങിനെയാണ് ജനങ്ങള്‍ക്ക് സേവനം നല്‍കുക കുഞ്ഞാലിക്കുട്ടി ചോദിച്ചു. സര്‍ക്കാര്‍ താഴെ ഇറങ്ങിയില്ലങ്കില്‍ ഭരണസ്തംഭനം ഉണ്ടാകും. സര്‍ക്കാരിന്റെ അവസ്ഥ, പൊതു സമൂഹത്തെ പറഞ്ഞു ഫലിപ്പിക്കാനാകാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

അഴിമതികളുടെ ഈ പ്രതിസന്ധിയെ മറികടക്കാനാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് തട്ടിക്കൂട്ടി നടത്താന്‍ ശ്രമിക്കുന്നത്. അത് അനുവദിക്കില്ല. പ്രതിപക്ഷവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിയാലോചന നടത്തുന്നില്ല. സര്‍വകക്ഷിയോഗം വിളിച്ച് ധാരണയിലെത്തണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കണം. കോവിഡ് രോഗികളുടെ വോട്ട് അടക്കമുള്ള വിഷയത്തില്‍ പ്രതിപക്ഷ അഭിപ്രായങ്ങള്‍ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരുമായി തര്‍ക്കമില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഴിമതിയുടെ കാര്യത്തില്‍ വിട്ടു വീഴ്ച്ചയില്ല. കോവിഡ് കാലമായത് കൊണ്ട് യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് കടന്നിട്ടില്ല. പക്ഷെ, അഴിമതിയില്‍ കൃത്യമായ നടപടികള്‍ ഉണ്ടായിട്ടില്ലങ്കില്‍ യുഡിഎഫ് പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE