തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലവും ഇന്ന് അറിയാം. 11 മണിയോടെ ഹയർസെക്കണ്ടറി വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഫലം അറിയാം. പരീക്ഷ നടന്ന് ഒരു മാസത്തിനുള്ളിലാണ് ഫലം വരുന്നത്.
അതേസമയം, സംസ്‌ഥാനത്തെ സ്‌കൂളുകളുടെ സമയം വൈകിട്ട് വരെ നീട്ടാനുള്ള വിദ്യാഭ്യാസവകുപ്പ് ശുപാർശയില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഉച്ചവരെയുള്ള ക്‌ളാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് സമയം നീട്ടുന്നതിന് ശുപാർശ നൽകിയത്.
സമയം നീട്ടുമ്പോഴും വിവിധ ദിവസങ്ങളിൽ ബാച്ചുകളായുള്ള പഠനം തുടരും. ബയോബബിൾ അടക്കമുള്ള കോവിഡ് പ്രോട്ടോക്കോളും നിലനിർത്തും. സമയമാറ്റത്തിനൊപ്പം പരീക്ഷാ കലണ്ടറിലും തീരുമാനം ഉടൻ വരും. പരീക്ഷകൾക്ക് മുൻവർഷത്തെ പോലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കുന്നതിന് പകരം ഫോക്കസ് എരിയ നിശ്‌ചയിക്കുന്നതും പരിഗണനയിലുണ്ട്.
പ്ളസ് വൺ സീറ്റ് ക്ഷാമം തീർക്കാൻ 52 പുതിയ ബാച്ചുകൾ അനുവദിക്കാനും തത്വത്തിൽ ധാരണയായിട്ടുണ്ട്. സീറ്റ് ക്ഷാമം കൂടുതലുള്ള മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് പുതിയ ബാച്ച് അനുവദിക്കുക. തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും പുതിയ ബാച്ചുകളുണ്ടാകും.
Most Read: തുടർച്ചയായുള്ള ശിശുമരണങ്ങള്‍; ആരോഗ്യമന്ത്രി ഇന്ന് അട്ടപ്പാടി സന്ദർശിക്കും