ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഏപ്രിൽ നാലിന് നടക്കുമെന്ന് പാകിസ്‌ഥാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ്. ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള പാകിസ്‌ഥാൻ ദേശീയ അസംബ്ളിയുടെ നിർണായക സമ്മേളനം ഇന്നലെ പ്രമേയം അവതരിപ്പിക്കാതെ പിരിഞ്ഞിരുന്നു.
അവിശ്വാസ പ്രമേയം കൊണ്ടുവന്നതിലൂടെ പ്രതിപക്ഷം യഥാർഥത്തിൽ ഇമ്രാൻ ഖാനെ സഹായിക്കുകയാണ് ചെയ്‌തതെന്ന് ഇസ്‌ലാമാബാദിൽ ഒരു പത്രസമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് ഷെയ്ഖ് റാഷിദ് അവകാശപ്പെട്ടു. അതിനുശേഷം ജനപ്രീതി പലമടങ്ങ് വർധിച്ചു എന്നും അദ്ദേഹം പറഞ്ഞു.
“അവർ യഥാർഥത്തിൽ വിഡ്ഢികളാണ്, കാരണം അവിശ്വാസ പ്രമേയം കൊണ്ടുവന്നതിലൂടെ ഇമ്രാൻ ഖാന്റെ ജനപ്രീതി വർധിച്ചുവെന്ന് ജിയോ ടിവി റിപ്പോർട് ചെയ്യുന്നു,”- അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിച്ചു. അവിശ്വാസ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പ് ദിവസം എല്ലാ എംഎൻഎകളും (നാഷണൽ അസംബ്‌ളി അംഗം) പൂർണമായി കൂടെ നിൽക്കുമെന്ന് ഷെയ്ഖ് റാഷിദ് ആവർത്തിച്ചു.
“അവിശ്വാസ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പ് ദിവസം നമ്മുടെ ശത്രുക്കൾക്കും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താം; അതിനാൽ രാഷ്‌ട്രീയമായി പക്വതയോടെ പ്രവർത്തിക്കാൻ നാമെല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി, സാമ്പത്തിക പ്രതിസന്ധി, വിദേശ നയത്തിലെ പാളിച്ചകൾ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ അവിശ്വാസം കൊണ്ടുവന്നത്. സൈന്യത്തിന്റെ പിന്തുണ നഷ്‌ടമായതും ഇമ്രാനു തിരിച്ചടിയാകുമെന്നാണ് നിരീക്ഷണം.
Most Read: റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 136 കുട്ടികൾ; യുക്രൈൻ