കൽപറ്റ: വയനാട്ടിലെ ഫുട്‍ബോൾ ടർഫുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കി പോലീസ്. രാത്രി പത്ത് മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. രാത്രികാല കുറ്റകൃത്യങ്ങൾക്ക് തടയിടാനാണ് പുതിയ നടപടിയെന്നാണ് വിശദീകരണം.
രാത്രികാലങ്ങളിൽ ഫുട്‍ബോൾ കളിക്കാനാണെന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന സ്‌കൂൾ- കോളേജ് കുട്ടികൾ വീട്ടിൽ പോകാതെ അസമയത്ത് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. കുട്ടികൾ അസമയത്ത് കറങ്ങി നടക്കുന്നത് വഴി സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും സാമൂഹിക വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരി വസ്‌തുക്കൾ ഉപയോഗിക്കാനും സാധ്യതയുണ്ട്. അതിനാൽ, ജില്ലയിലെ ഫുട്‍ബോൾ ടർഫുകൾ രാത്രി പത്തിന് ശേഷം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാറിന്റെ ഉത്തരവിൽ പറയുന്നു.
ഉത്തരവിനെതിരെ നിരവധി വിമർശനങ്ങളും ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ ഉയർന്നുകഴിഞ്ഞു. കുറ്റകൃത്യങ്ങൾ തടയാൻ പൗരൻമാരുടെ സ്വൈര്യവിഹാരം തടസപ്പെടുത്തുന്നതാണ് ഉത്തരവെന്നാണ് വിമർശനം. കുറ്റകൃത്യങ്ങൾ തടയാൻ സുരക്ഷാ ശക്‌തിപ്പെടുത്തുകയാണ് വേണ്ടത്. അസമയത്ത് കറങ്ങി നടക്കുന്നത് തടയാൻ വിനോദോപാധികൾ തടയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും വിമർശനം ഉയരുന്നുണ്ട്.
സമയവും അസമയവും പോലീസ് നിർവചിക്കുന്നത് നിയമപരമായി നിലനിൽക്കില്ല. കോളേജ് വിദ്യാർഥികൾ പ്രായപൂർത്തിയായ പൗരൻമാരാണ്. അസമയത്ത് പുറത്തിറങ്ങി കറങ്ങി നടക്കരുത് എന്ന നിർദ്ദേശം പോലീസിന്റെ രക്ഷകർതൃ മനോഭാവത്തിന് തെളിവാണെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു. സദാചാര പോലീസിനെതിരെ നടപടിയെടുക്കേണ്ട നിയമപാലകർ തന്നെ സദാചാര പോലീസ് ചമയുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്.
അതേസമയം, സ്‌കൂൾ- കോളേജ് വിദ്യാർഥികൾ അടക്കമുള്ളവർ കറങ്ങിനടന്ന് കുറ്റകൃത്യങ്ങളിലേക്ക് പോകുന്ന സാഹചര്യങ്ങൾ രാത്രികാല പട്രോളിങ്ങിനിടെ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ഇത് തടയാൻ നടപടിയെടുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തവും കടമയുമാണെന്നും പോലീസ് പറയുന്നു. സമൂഹ മാദ്ധ്യമങ്ങളിലെ വിമർശനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. പോലീസ് നടപടിയിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് അറിയിക്കാമെന്നും തീർച്ചയായും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: അട്ടപ്പാടി മധു വധക്കേസ്; വിചാരണ വീണ്ടും നീട്ടി, നിസഹായരായി കുടുംബം