തിരുവനന്തപുരം: സംസ്‌ഥാനത്ത് ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം തുടരുന്നു. ബുധനാഴ്‌ച അർധരാത്രി മുതലാണ് സംസ്‌ഥാനത്ത് സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചത്. തുടർന്ന് ഇതുവരെ സർക്കാർ ഇവരെ ചർച്ചക്ക് വിളിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനമെന്ന് ബസുടമകൾ വ്യക്‌തമാക്കി.
മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ നിരക്ക് മിനിമം ചാർജിന്റെ പകുതിയാക്കി ഉയർത്തുക, കോവിഡ് കാലത്തെ ടാക്‌സ് ഒഴിവാക്കി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്‌ഥാനത്ത് സ്വകാര്യ ബസുകൾ സമരം നടത്തുന്നത്. എന്നാൽ ബസ് ചാർജ് വർധന പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ നിലവിൽ സ്വകാര്യ ബസുടമകൾ നടത്തുന്ന സമരം അനാവശ്യമാണെന്നാണ് മന്ത്രി ആന്റണി രാജു വ്യക്‌തമാക്കിയത്.
തിരുവനന്തപുരം സിറ്റിയിൽ സ്‌പെഷ്യൽ പെർമിറ്റുള്ള ചില ബസുകൾ സർവീസ് നടത്തിയത് ഒഴികെ സംസ്‌ഥാനത്ത് ഇന്നലെ സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കൂടാതെ അധിക സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ച കെഎസ്ആർടിസിക്ക് മിക്ക ജില്ലകളിലും അധിക സർവീസുകൾ നടത്താനും സാധിച്ചിരുന്നില്ല. ഇതോടെ സംസ്‌ഥാനത്ത് പൊതുജനങ്ങൾ ഏറെ വലഞ്ഞ സ്‌ഥിതിയിലാണ്.
Read also: ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി