കോവിഡ് പ്രതിരോധം; 14 നിർദേശങ്ങളുമായി ചെന്നിത്തല, സർക്കാരിന് കത്ത് നൽകി

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി 14 ഇന നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചികിൽസ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ 4 മേഖലകളായി തിരിച്ചുള്ള നിർദേശങ്ങൾ അടങ്ങിയ കത്ത് പ്രതിപക്ഷ നേതാവ് ചീഫ് സെക്രട്ടറിക്ക് നൽകി.

ആരോഗ്യമേഖലയിലെയും മറ്റും വിദഗ്‌ധരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നിർദേശങ്ങൾക്ക് രൂപം നൽകിയത്. രോഗ പ്രതിരോധത്തിന് തദ്ദേശ സ്‌ഥാപനങ്ങളെ ശക്‌തിപ്പെടുത്തണമെന്നും കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ചെന്നിത്തല നിർദേശിച്ചു.

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ അവരെ പ്രവേശിപ്പിക്കുന്നതിന് വ്യക്‌തമായ അഡ്‌മിഷൻ പ്രോട്ടോകോൾ ഉണ്ടാക്കണം. പ്രാഥമിക ചികിൽസക്കും റഫറൽ സംവിധാനത്തിനുമുള്ള ശൃംഘല സംസ്‌ഥാനമൊട്ടാകെ തയാറാക്കണം. സംസ്‌ഥാനത്തുള്ള എല്ലാ ഐസിയുകളും വെന്റിലേറ്റർ സൗകര്യമുള്ള ഐസിയുകളും സർക്കാർ ഏറ്റെടുത്ത് ഒരു കോമൺ പൂൾ ഉണ്ടാക്കണം.

പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും എല്ലാ ഡോക്‌ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും കോവിഡ് ചികിൽസയിൽ യുദ്ധകാലാടിസ്‌ഥാനത്തിൽ പരിശീലനം നൽകണം. ഐഎംഎ പോലുള്ള സംഘടനകളുടെ സഹായം ഇതിനായി തേടാവുന്നതാണ്. കരാർ അടിസ്‌ഥാനത്തിൽ നിയമനം ആവശ്യമുള്ളിടത്ത് അതും ചെയ്യണം. ആശുപത്രികൾക്ക് പുറമെ സ്വകാര്യ ക്ളിനിക്കുകൾ, ഡെന്റൽ ക്ളിനിക്കുകൾ, ഒപിഡികൾ തുടങ്ങിയവയിലെ കിടക്കകളും അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ പാകത്തിന് തയാറാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കൂടാതെ, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, സ്വകാര്യ ആശുപത്രികളിലെ ചികിൽസാ ചിലവ് നിയന്ത്രിക്കണം, സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആർക്കും ആശുപത്രികളിൽ പ്രവേശനം നിഷേധിക്കരുത് തുടങ്ങിയ നിർദേശങ്ങളും രമേശ് ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിനായി വാക്‌സിനേഷൻ യുദ്ധകാലാടിസ്‌ഥാനത്തിൽ തുടരണമെന്നും പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവ കർശനമാക്കണമെന്നും സംസ്‌ഥാനതല ലോക്ക്ഡൗൺ വേണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പ്രതിസന്ധിഘട്ടം തരണം ചെയ്യുന്നതിന് ആരോഗ്യം, ആഭ്യന്തരം, തദ്ദേശ സ്വയംഭരണം, റവന്യൂ എന്നീ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.

Read also: ‘വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയക്കുന്നത് പ്രശസ്‌തിക്ക് വേണ്ടി’; മമത ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE