ചണ്ഡീഗഢ്: വായു മലിനീകരണം തടയാൻ നടപടികൾ കർശനമാക്കി പഞ്ചാബ് സർക്കാർ. കാർഷിക അവശിഷ്‌ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത മുഴുവൻ കേസുകളും റദ്ദാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി അറിയിച്ചു.
‘വൈക്കോൽ കത്തിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്‌റ്റർ ചെയ്‌ത എല്ലാ കേസുകളും റദ്ദാക്കുകയാണ്. ഒരു കർഷകനും വൈക്കോൽ കത്തിക്കരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. കേസുകൾ റദ്ദാക്കി ഇനി കാർഷിക അവശിഷ്‌ടങ്ങൾ കത്തിക്കരുതെന്ന് ഞാൻ കർഷകരോട് അഭ്യർഥിക്കുകയാണ്. അത് വായുമലിനീകരണത്തിന് കാരണമാകും’; ചന്നി പറഞ്ഞു.
നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കർഷകർ മാലിന്യം കത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാറിനോട് ചെന്നി ആവശ്യപ്പെട്ടു. സംസ്‌ഥാന മലിനീകരണ ബോർഡ് നൽകിയ റിപ്പോർട് പ്രകാരം ഈ വർഷം 67000ത്തിലധികം തീപിടുത്തങ്ങളാണ് പഞ്ചാബിലെ കാർഷിക മേഖലയിൽ രേഖപ്പെടുത്തിയത്. ഡെൽഹിയിലും പരിസരത്തും രൂക്ഷമായ വായുമലിനീകരണത്തിന് വൈക്കോൽ കത്തിക്കലും കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു. മലിനീകരണ തോത് കുറയ്‌ക്കാൻ ഡെൽഹി കർശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പഞ്ചാബ് സർക്കാർ നടപടിയുമായി രംഗത്തെത്തിയത്.
ഇത് കൂടാതെ കർഷക സമരവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ സംസ്‌ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറുകളും പഞ്ചാബ് സർക്കാർ റദ്ദാക്കി. 32 കർഷക സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമായിരുന്നു നിർണായക തീരുമാനം.
Also Read: കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ അനുമതി