വയനാട് ‘കൈ’വിട്ട് രാഹുൽ; ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിക്കും

പ്രിയങ്ക ഗാന്ധി ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്.

By Trainee Reporter, Malabar News
Priyanka-Gandhi-Rahul-Gandhi
Ajwa Travels

ന്യൂഡെൽഹി: ചർച്ചകൾക്ക് ഒടുവിൽ വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയാൻ തീരുമാനിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ റായ്‌ബറേലി മണ്ഡലം നിലനിർത്തും. വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന യോഗത്തിലാണ് തീരുമാനം.

സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രിയങ്ക ഗാന്ധി ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. വയനാട്ടിലെ മുഴുവൻ ജനങ്ങളും സ്‌നേഹം നൽകിയെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വയനാട്ടിലെ ജനങ്ങൾക്ക് ഹൃദയത്തിൽ നിന്ന് നന്ദി. പ്രയാസമുള്ള രാഷ്‌ട്രീയ ഘട്ടങ്ങളിൽ വയനാട്ടിലെ ജനങ്ങൾ നൽകിയ പിന്തുണ മറക്കാനാകില്ലെന്നും, പ്രിയങ്ക മൽസരിച്ചാലും താൻ ഇടയ്‌ക്കിടെ വയനാട്ടിൽ എത്തുമെന്നും രാഹുൽ പറഞ്ഞു. വയനാട് മണ്ഡലം ഒഴിയാൻ തീരുമാനിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.

എനിക്ക് വയനാടുമായും റായ്‌ബറേലിയുമായും വൈകാരിക ബന്ധമുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി വയനാട് എംപിയാണ്. വയനാട്ടിലെ എല്ലാ ആളുകളും പാർട്ടി പ്രവർത്തകരും സ്‌നേഹം മാത്രമാണ് നൽകിയത്. അതിന് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. ജീവിതകാലം മുഴുവൻ അതെന്റെ മനസിലുണ്ടാകും. പ്രിയങ്ക വയനാട്ടിൽ മൽസരിക്കും. ഞാനും ഇടവേളകളിൽ വയനാട്ടിലെത്തും. വയനാടിനായി ലക്ഷ്യമിട്ട പദ്ധതികൾ പൂർത്തിയാക്കുമെന്നും രാഹുൽ പറഞ്ഞു.

റായ്‌ബറേലിയുമായി പഴയ ബന്ധമാണുള്ളത്. അവരെ വീണ്ടും ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നതിൽ സന്തോഷമുണ്ട്. വയനാട് ഒഴിയുക എന്നത് എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന തീരുമാനമായിരുന്നില്ല. പ്രയാസകരമായ തീരുമാനമായിരുന്നു. രണ്ടു മണ്ഡലമായും വ്യക്‌തി ബന്ധമുണ്ട്. അഞ്ചുവർഷത്തെ വയനാട് ബന്ധം സന്തോഷകരമായിരുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്‌തമാക്കി.

പ്രിയങ്ക വയനാട്ടിൽ വിജയിക്കും. ഒരു നല്ല എംപിയായിരിക്കും. വയനാടിന് ഇപ്പോൾ രണ്ടു പ്രതിനിധികളുണ്ട്. ഞാനും എന്റെ സഹോദരിയും- രാഹുൽ കൂട്ടിച്ചേർത്തു. ഇന്ദിരാഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും നിലനിർത്തിയ റായ്‌ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് നേടിയത്. ബിജെപി സ്‌ഥാനാർഥി ദിനേശ് പ്രതാപ് സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്. വയനാട്ടിൽ 3.64 ലക്ഷം വോട്ടിനാണ് രാഹുൽ വിജയിച്ചത്.

Most Read| കൊടിക്കുന്നിൽ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്‌പീക്കറായി തിരഞ്ഞെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE