തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. തുടർന്ന് ഇന്നും നാളെയും അദ്ദേഹം സംസ്‌ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ പ്രചാരണ പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക.
ഇന്ന് രാവിലെ 11 മണിയോടെയാണ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തുക. തുടർന്ന് 11.30ന് സെന്റ് തെരേസാസ് കോളേജിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കും. ശേഷം 11.45ഓടെ ഗോശ്രീ കവലയിലും, 12.15ന് ഫോർട്ട് കൊച്ചിയിലും, 1.15ന് പള്ളുരുത്തിയിലും നടക്കുന്ന യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.
തുടർന്ന് ആലപ്പുഴയിൽ എത്തുന്ന രാഹുൽ 3.15ന് പട്ടണക്കാട്ടും 4.45ന് ആലപ്പുഴ ടൗണിലും 6.30ന് ചേപ്പാട്ടും സംഘടിപ്പിച്ചിട്ടുള്ള പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. അതിന് ശേഷം നാളെ കോട്ടയം ജില്ലയിൽ നടക്കുന്ന പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക. പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാലാ, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി തുടങ്ങിയ മണ്ഡലങ്ങളിലാണ് നാളെ പ്രചാരണയോഗങ്ങൾ നടക്കുക. തുടർന്ന് നാളെ രാഹുൽ മടങ്ങുന്നതിനു പിന്നാലെ പ്രചാരണ പരിപാടികൾക്കായി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തും.
Read also : പത്രിക തള്ളിയതിന് പിന്നിൽ സിപിഎം-ബിജെപി സഹകരണം; ഉമ്മന്‍ ചാണ്ടി