ന്യൂഡെൽഹി: രാജ്യസഭയിൽ ഒഴിവുവരുന്ന 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജൂൺ 18നാണ് തിരഞ്ഞെടുപ്പ്. ഫലം അന്ന് വൈകീട്ട് പ്രഖ്യാപിക്കും. 10 സംസ്ഥാനങ്ങളിൽ നിന്നുള്ള 24 രാജ്യസഭാ എംപിമാരുടെ കാലാവധി ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള വിവിധ തീയതികളിൽ പൂർത്തിയാകും.
ഈ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. മല്ലികാർജുൻ ഖർഗെ, എച്ച്ഡി ദേവഗൗഡ, ദിഗ്വിജയ് സിങ് തുടങ്ങിയവരാണ് വരും ദിവസങ്ങളിൽ കാലാവധി പൂർത്തിയാക്കുന്ന രാജ്യസഭാ അംഗങ്ങൾ. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ എട്ടാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 11ഉം.
വോട്ടെടുപ്പ് ജൂൺ 18ന് രാവിലെ ഒമ്പത് മണിമുതൽ നാലുമണിവരെയാണ്. അഞ്ചുമണിയോടെ ഫലം അറിയാനാകും. ജൂൺ 20ന് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും. ആന്ധ്രാപ്രദേശ് (4), ഗുജറാത്ത് (4), കർണാടക (4), മധ്യപ്രദേശ് (3), രാജസ്ഥാൻ (3), ജാർഖണ്ഡ് (2), മണിപ്പൂർ (1), മേഘാലയ (1), അരുണാചൽ പ്രദേശ് (1), മിസോറം (1) എന്നിങ്ങനെയാണ് ഒഴിവ് വരുന്നത്.
നിലവിൽ ഒഴിവുവരുന്ന 24 സീറ്റുകളിൽ 16ഉം എൻഡിയുടേതാണ്. കക്ഷിനില ഇങ്ങനെ: ബിജെപി- 12, എൻപിപി-1, ജെഡിഎസ്-1, എംഎൻഎഫ്- 1, ടിഡിപി- 1. സുനേത്ര പവാർ രാജിവെച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്നും സിവി. ഷൺമുഖം രാജിവെച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ നിന്നും ഒഴിവുവന്ന രണ്ട് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ജൂൺ 18ന് നടക്കും.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































