ഡെൽഹി: ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്താനുള്ള ബില്ലിന് രാജ്യസഭ അംഗീകാരം നൽകി. രാജ്യത്ത് ഇൻഷുറൻസ് രംഗത്തെ വിദേശ നിക്ഷേപം ആഭ്യന്തര ദീർഘകാല വിഭവങ്ങൾക്ക് സഹായകമാണെന്ന് ഇൻഷുറൻസ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചർച്ചക്ക് മറുപടിയായി ധനമന്ത്രി നിർമല സിതാരാമൻ പറഞ്ഞു.
ഇൻഷുറൻസ് വ്യവസായ നിയന്ത്രണ ഏജൻസിയായ ഐആർഡിഎഐ ബന്ധപ്പെട്ടവരുമായി വിശദമായ കൂടിയാലോചന നടത്തിയ ശേഷമാണ് എഫ്‌ഡിഐ പരിധി നിലവിലെ 49 ശതമാനത്തിൽ 74 ശതമാനമായി ഉയർത്താനുള്ള തീരുമാനം എടുത്തതെന്ന് ധനമന്ത്രി പറഞ്ഞു. ശബ്‌ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്.
ബിൽ അനുസരിച്ച്, ബോർഡിലെ ഭൂരിഭാഗം ഡയറക്‌ടർമാരും പ്രധാന മാനേജ്മെന്റ് വ്യക്‌തിത്വങ്ങളും റസിഡന്റ് ഇന്ത്യക്കാരായിരിക്കും, കുറഞ്ഞത് 50 ശതമാനം ഡയറക്‌ടർമാരും സ്വതന്ത്ര ഡയറക്‌ടർമാരാണ്, കൂടാതെ ലാഭത്തിന്റെ നിർദിഷ്‌ട ശതമാനം പൊതു കരുതൽ ധനമായി നിലനിർത്തുകയും വേണം.
2015 ലാണ് ഇൻഷുറൻസ് മേഖലയിലെ എഫ്‌ഡിഐ പരിധി സർക്കാർ 26 ശതമാനത്തിൽ നിന്ന് 49 ശതമാനമായി ഉയർത്തിയത്. ഇതുമൂലം 2015ന് ശേഷം ഇൻഷുറൻസ് മേഖലയിൽ 26,000 കോടി രൂപ വിലമതിക്കുന്ന എഫ്‌ഡിഐ ഇന്ത്യക്ക് ലഭിച്ചുവെന്ന് നിർമല സീതാരാമൻ പറഞ്ഞു.
വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തുന്നത് ഇൻഷുറൻസ് കമ്പനികളുടെ വർദ്ധിച്ചു വരുന്ന മൂലധന ആവശ്യകത നിറവേറ്റാൻ സഹായിക്കും. എഫ്‌ഡിഐയുടെ വർദ്ധനവ് രാജ്യത്ത് ലൈഫ് ഇൻഷുറൻസ് രംഗത്തെ നിക്ഷേപം മെച്ചപ്പെടുത്തും. ജിഡിപിയുടെ ശതമാനമെന്ന നിലയിൽ ലൈഫ് ഇൻഷുറൻസ് പ്രീമിയം രാജ്യത്ത് 3.6 ശതമാനമാണ്. ആഗോള ശരാശരിയായ 7.13 ശതമാനത്തിൽ താഴെയാണിത്.
Kerala News: പുന്നപ്ര-വയലാർ സ്‌മാരകം; വഞ്ചനയുടെ പ്രതീകമെന്ന് ബിജെപി സ്‌ഥാനാർഥി