ന്യൂഡെൽഹി : കാർഷിക നിയമങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ വ്യക്‌തമായ അജണ്ട നൽകിയാൽ ചർച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കർഷക നേതാവ് രാകേഷ് ടിക്കായത്ത്. എന്നാൽ നിലവിൽ കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം 13ആം തീയതിയാണ് പാർലമെന്റ് സമ്മേളനം അവസാനിക്കുന്നത്. അതുവരെ ജന്തർ മന്തറിലെ സമരം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജന്തർ മന്തറിൽ നടക്കുന്ന സമരത്തിൽ പ്രതിദിനം 200 പേരാണ് പങ്കെടുക്കുന്നത്. സിംഘു, തിക്രി, ഗാസിപ്പൂർ എന്നീ സമര കേന്ദ്രങ്ങളിൽ നിന്നും 200 കർഷകർ വീതം ജന്തർ മന്തറിലെത്തും. വൈകുന്നേരം 5 മണി വരെയാണ് അവിടെ സമരം നടത്തുക. തുടർന്ന് രാത്രിയോടെ ഈ കർഷകർ വീണ്ടും അതിർത്തികളിലെ സമര വേദികളിലേക്ക് മടങ്ങി പോകുകയും ചെയ്യും.
നിലവിൽ കർഷക സമരം പ്രമാണിച്ച് കർശന സുരക്ഷയാണ് ഡെൽഹിയിൽ ഒരുക്കിയിട്ടുള്ളത്. സംഘർഷ സാധ്യത ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ പോലീസും, കർഷക സംഘടനകളും സ്വീകരിച്ചിട്ടുണ്ട്. ഓരോ ദിവസവും സമരത്തിൽ പങ്കെടുക്കുന്ന ആളുകളുടെ വിവരങ്ങൾ മുൻകൂട്ടി പോലീസിന് കൈമാറും. കൂടാതെ സുരക്ഷയുടെ ഭാഗമായി സമര വേദികളിൽ സിസിടിവികളും സ്‌ഥാപിച്ചിട്ടുണ്ട്.
Read also : അനന്യ കുമാരിയുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി; തൂങ്ങിമരണമെന്ന് പ്രാഥമിക റിപ്പോർട്