ബത്തേരി : കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നടക്കാതിരുന്ന ബത്തേരി നഗരസഭയിലെ 19 ആം വാര്‍ഡില്‍ നാളെ റീപോളിംഗ് നടക്കും. നാളെ രാവിലെ 7 മണി മുതല്‍ റീപോളിംഗ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌തമാക്കി. തുടര്‍ന്ന് രാത്രി 8 മണിയോടെ വോട്ടുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കുമെന്നും കമ്മീഷന്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
ബത്തേരി മാര്‍ ബസേലിയസ് ബിഎഡ് സെന്ററിലെ പോളിംഗ് ബൂത്തില്‍ തന്നെയാണ് നാളെയും പോളിംഗ് നടക്കുക. ബത്തേരി നഗരസഭയിലെ 19 ആം വാര്‍ഡായ തൊടുവട്ടിയില്‍ ആകെ 3 വോട്ടെണ്ണല്‍ യന്ത്രങ്ങളാണ് ഉണ്ടായിരുന്നത്. ഇവയില്‍ രണ്ടെണ്ണം എണ്ണിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് മൂന്നാമത്തെ എണ്ണുമ്പോഴാണ് യന്ത്രം തകരാറിലായത്. ശേഷം യന്ത്രത്തിന്റെ തകരാര്‍ പരിഹരിക്കാനായി ടെക്‌നീഷ്യൻമാർ എത്തിയെങ്കിലും അതിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സാധിച്ചില്ല.
ഈ സാഹചര്യത്തിലാണ് നാളെ റീപോളിംഗ് നടത്താന്‍ തീരുമാനിച്ചത്. രണ്ട് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്ന സാഹചര്യത്തില്‍ 97 വോട്ടുകള്‍ക്ക് യുഡിഎഫ് സ്‌ഥാനാര്‍ഥിയാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. നാളെ റീപോളിംഗ് നടത്തി വോട്ടെണ്ണല്‍ പൂർത്തിയാകുമ്പോൾ വാര്‍ഡില്‍ ആര് വിജയിച്ചുവെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
Read also : നീണ്ട ഇടവേളക്ക് ശേഷം ഭൂതത്താൻകെട്ടിൽ ബോട്ടിങ് വീണ്ടും ആരംഭിച്ചു