വയനാട്: മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയെന്ന് കുടുംബം. മാനസിക പീഡനം മൂലമാണ് സിന്ധു ജീവനൊടുക്കിയതെന്ന് സഹോദരന് നോബില്‍ ആരോപിച്ചു.
ഓഫിസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തത് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമായെന്നും തന്നെ ഒറ്റെപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഇതേതുടര്‍ന്ന് ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നതായും സഹോദരന് വ്യക്തമാക്കി.
മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് സീനിയര്‍ ക്ളര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു(42)വിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു,
ഒന്‍പത് വര്‍ഷമായി മാനന്തവാടി സബ് ആര്‍ടിഒ ഓഫിസില്‍ ജീവനക്കാരിയാണ് സിന്ധു. അവിവാഹിതയാണ്. പിതാവ്: ആഗസ്തി, മാതാവ്: പരേതയായ ആലീസ്.
Most Read: മൂവാറ്റുപുഴ ജപ്തി; ബാങ്ക് അധികൃതർക്ക് എതിരെ കർശന നടപടിക്ക് നിർദ്ദേശം