കീവ്: റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്റെ അനുയായിയും കോടീശ്വരനുമായി റോമന്‍ അബ്രമോവിച്ചും യുക്രൈൻ നയതന്ത്രജ്‌ഞരും വിഷ ആക്രമണത്തിന് ഇരയായതായി സംശയം. യുക്രൈൻ തലസ്‌ഥാനമായ കീവിലെ കൂടിക്കാഴ്‌ചക്ക് ശേഷം അബ്രമോവിച്ചിനും രണ്ട് മുതിർന്ന യുക്രേനിയൻ നയതന്ത്രജ്‌ഞര്‍ക്കും വിഷബാധയേറ്റത്തിന്റെ ലക്ഷണങ്ങൾ കണ്ടതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോർട് ചെയ്‌തു.
കണ്ണുകൾക്ക് വേദനയും ചുവപ്പ് നിറം വരികയും, മുഖത്തും കൈകളിലും തൊലി ഇളകിപോകുക തുടങ്ങിയ ലക്ഷണങ്ങൾ ആണ് ഇവരിൽ കണ്ടതെന്ന് അമേരിക്കൻ പത്രമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോർട് ചെയ്യുന്നു. പ്രത്യക്ഷത്തിൽ ആരാണ് ആക്രമണം നടത്തിയതെന്ന് കൃത്യമായി വ്യക്‌തമല്ല, എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ തടസപ്പെടുത്താൻ മോസ്‌കോയിലെ തീവ്ര നിലപാടുകാർ ആവാം ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി ജേണൽ പറഞ്ഞു.
അബ്രമോവിച്ചിന്റെയും മറ്റ് നയതന്ത്രജ്‌ഞരുടെയും സ്‌ഥിതി മെച്ചപ്പെട്ടതായും അവരുടെ ജീവൻ അപകടത്തിലല്ലെന്നും അധികൃതർ അറിയിച്ചു. “ഇത് കൊല്ലാൻ ഉദ്ദേശിച്ചുള്ളതല്ല, ഇതൊരു മുന്നറിയിപ്പ് മാത്രമായിരുന്നു,” ഓപ്പൺ സോഴ്‌സ് കൂട്ടായ്‌മയായ ബെല്ലിംഗ്കാറ്റിന്റെ അന്വേഷകനായ ക്രിസറ്റോ ഗ്രോസെവ് സംഭവം പഠിച്ച ശേഷം ജേണലിൽ പറഞ്ഞു.
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്‌ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ റഷ്യന്‍ ധനികര്‍ക്കും സ്‌ഥാപനങ്ങള്‍ക്കും മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉപരോധങ്ങള്‍ മൂലം ബിസിനസില്‍ തിരിച്ചടി നേരിട്ടതോടെ അബ്രമോവിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ പുടിനുമേല്‍ സമ്മർദ്ദം ചെലുത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പുടിനുമായി ദീർഘകാല ബന്ധമുള്ള അബ്രമോവിച്ച് ഉൾപ്പടെയുള്ള റഷ്യൻ ബിസിനസുകാരിൽ നിന്ന് തന്റെ സർക്കാരിന് പിന്തുണ വാഗ്‌ദാനം ലഭിച്ചതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ഞായറാഴ്‌ച പറഞ്ഞിരുന്നു. രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ വിഷപ്രയോഗം നടത്തുന്നുവെന്ന് മുന്‍പ് തന്നെ ആരോപണം നേരിടുന്ന മോസ്‌കോക്ക് നേരെ വീണ്ടും ലോകരാജ്യങ്ങളുടെ ചൂണ്ടുവിരല്‍ നീളുകയാണ്.
Most Read: തെലങ്കാനയിൽ കോൺഗ്രസ് അംഗങ്ങൾക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ