തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ പ്രതിദിന ബുക്കിങ് 70,000 പേർക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. 70,000 പേരുടെ ബുക്കിങ് കഴിഞ്ഞശേഷം 10,000 പേർക്ക് സ്‌പോട്ട് ബുക്കിങ് നൽകാനാണോ ദേവസ്വം ബോർഡ് തീരുമാനം എന്നതിൽ വ്യക്‌തത വന്നിട്ടില്ല. ഓൺലൈൻ രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭിച്ചിട്ടുണ്ട്.
വിഷയത്തിൽ ദേവസ്വം ബോർഡ് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷവും 70,000 പേർക്കായിരുന്നു വെർച്വൽ ക്യൂവിലൂടെ പ്രതിദിന ബുക്കിങ്. ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് മാത്രം മതിയെന്നും പ്രതിദിനം 80,000 പേർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനാകുമെന്നുമായിരുന്നു സർക്കാർ നേരത്തെ പറഞ്ഞിരുന്നത്.
എന്നാൽ, സ്‌പോട്ട് ബുക്കിങ് അവസാനിപ്പിച്ചതിനെതിരെ മുന്നണിയിൽ നിന്നുതന്നെ വാദങ്ങൾ ഉയർന്നു. പിന്നാലെ പ്രതിപക്ഷം വിഷയം ഏറ്റുപിടിച്ചതോടെ വൻ വിമർശനങ്ങൾക്ക് വഴിതെളിക്കുകയായിരുന്നു. ഇതോടെ സർക്കാർ അയഞ്ഞു. ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചു.
വി ജോയ് എംഎൽഎയുടെ സബ്‌മിഷന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. തീർഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ അവലോകന യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ നടത്താതെയും ഈ സംവിധാനത്തെ കുറിച്ച് അറിയാതെയും എത്തുന്ന ഭക്‌തർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!