ആരോഗ്യം കാത്തുസൂക്ഷിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് ബീറ്റ്റൂട്ട്. പോഷകഗുണങ്ങൾ ഏറെയുള്ള ബീറ്റ്റൂട്ട് താരനകറ്റാനും മുടികൊഴിച്ചിൽ തടയാനും ചർമ സൗന്ദര്യത്തിനുമൊക്കെ മികച്ച പ്രതിവിധിയാണ്.
താരൻ, മുടികൊഴിച്ചിൽ, മുഖക്കുരു എന്നിവയോട് ‘ബൈ’ പറയാൻ ചില ബീറ്റ്റൂട്ട് ബ്യൂട്ടി ടിപ്‌സ് പരിചയപ്പെടാം.
കണ്ണിന് താഴെയുള്ള കറുപ്പകറ്റാൻ
ഇന്ന് പലരെയും ഏറെ വലക്കുന്ന പ്രശ്‌നമാണ് കണ്ണിനു കീഴെയുള്ള കറുപ്പ്. മിക്കവരും പലവഴികളും ശ്രമിച്ച് പരാജയപ്പെട്ടവരാണ്. അത്തരക്കാർക്ക് മികച്ച മാർഗമാണ് ബീറ്റ്റൂട്ട്.
ഒരു ചെറിയ പാത്രത്തിൽ ബീറ്റ്റൂട്ട് ജ്യൂസും തേനും പാലും മിക്‌സ് ചെയ്യുക. ശേഷം ഇതിലേക്ക് അൽപം പഞ്ഞിയെടുത്ത് മുക്കി കൺപോളകളിൽ വെക്കുക. പത്തു മിനിറ്റിനുശേഷം കഴുകിക്കളയാം. ഇത് മാനസിക സമ്മർദ്ദം കുറക്കാനും വളരെ നല്ലതാണ്.
മുടികൊഴിച്ചിൽ ആണോ പ്രശ്‌നം?
മുടികൊഴിച്ചിലിന് പല കാരണങ്ങളുണ്ട്. കാലാവസ്‌ഥയും പോഷകങ്ങളുടെ കുറവുമൊക്കെ മുടി കൊഴിച്ചിൽ കൂട്ടിയേക്കാം. എന്നാൽ പൊട്ടാസ്യം, അയേൺ തുടങ്ങിയവയാൽ സമൃദ്ധമായ ബീറ്റ്റൂട്ട് ഇതിന് മികച്ച പ്രതിവിധിയാണ്.
രണ്ട് ബീറ്റ്റൂട്ട് എടുത്ത് ഇഞ്ചിനീരും രണ്ട് ടേബിൾ സ്‌പൂൺ ഒലീവ് ഓയിലുമായി മിക്‌സ് ചെയ്‌ത് പേസ്‌റ്റ് രൂപത്തിലാക്കി ശിരോചർമത്തിലും മുടിയിഴകളിലും പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകിക്കളയാം.
താരനകറ്റാനും ബീറ്റ്റൂട്ട്
താരനകറ്റാനും ബീറ്റ്റൂട്ട് ഉത്തമമാണ്. ബീറ്റ്റൂട്ട് ജ്യൂസിനൊപ്പം അൽപം വിനാഗിരിയോ ചെറുചൂടുവെള്ളമോ ചേർക്കുക. ഇത് മുടിയിഴകളിൽ പുരട്ടുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. താരൻ മൂലമുള്ള ചൊറിച്ചിൽ അകറ്റാനും മികച്ച വഴിയാണിത്.
മുഖക്കുരു ഒഴിവാക്കാൻ
ഇന്ന് മിക്കവരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് മുഖക്കുരു. ഇതൊഴിവാക്കാനായി ബീറ്റ്റൂട്ട് ജ്യൂസും തക്കാളി ജ്യൂസും തുല്യ അളവിൽ എടുക്കുക. ശേഷം മുഖത്തു പുരട്ടുക. 15 മിനിറ്റിനുശേഷം കഴുകിക്കളയാം. ബ്ളാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും അകറ്റാനും ഇതുത്തമമാണ്.
ചർമം മൃദുവാക്കാൻ
മൃദുവാർന്ന ചർമത്തിന് ബീറ്റ്റൂട്ട് കൊണ്ടൊരു വഴിയുണ്ട്. രണ്ട് സ്‌പൂൺ തൈര് ചേർത്ത് ബീറ്റ്റൂട്ട് നന്നായി അരച്ചെടുക്കക. ഇതിലേക്ക് അൽപം ആൽമണ്ട് ഓയിൽ ചേർത്ത ശേഷം ഈ മിശ്രിതം ശരീരത്തിലോ മുഖത്തോ പുരട്ടാം. നന്നായി മസാജ് ചെയ്‌തതിന് ശേഷം 20 മിനിറ്റോളം വെക്കുക. പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
Most Read: ‘എലോൺ’ പാക്കപ്പായി; ചിത്രീകരണം പൂർത്തിയായത് റെക്കോർഡ് വേഗത്തിൽ