ആര്‍ദ്രം മിഷന്‍; രണ്ടാംഘട്ട പദ്ധതികളുടെ ഉൽഘാടനം നാളെ

By News Bureau, Malabar News
pinarayi-vijayan-ardram Mission
Ajwa Travels

തിരുവനന്തപുരം: നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ട പദ്ധതികളുടെ ഉൽഘാടനം നാളെ (മേയ് 17ന്) വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

എല്ലാവര്‍ക്കും താങ്ങാവുന്നതും പ്രാപ്യവും സമഗ്രവും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നത് വഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ് ആര്‍ദ്രം മിഷന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗം, ചികിൽസ എന്ന രീതിയില്‍ നിന്ന് മാറി ആരോഗ്യം, സൗഖ്യം എന്ന ആശയത്തിന് പ്രചരണം നല്‍കുകയും, തദ്ദേശ സ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യകരമായ ജീവിതം പ്രോൽസാഹിപ്പിക്കാനുള്ള ജനകീയ ഇടപെടലുകള്‍ നടത്തുകയും ആണ് ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തില്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ വിഭാവനം ചെയ്‌തിരിക്കുന്ന 10 പദ്ധതികളില്‍ സുപ്രധാനങ്ങളായ മൂന്ന് പദ്ധതികളുടെ ഉൽഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി എന്നിവയാണവ. ഈ പദ്ധതികള്‍ ആരോഗ്യ മേഖലയ്‌ക്ക് കരുത്താകുമെന്നും മന്ത്രി വ്യക്‌തമാക്കി.

വണ്‍ ഹെല്‍ത്ത്

കോവിഡ് പോലെയുള്ള മഹാമാരികളുടെ പശ്‌ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വണ്‍ ഹെല്‍ത്ത്. ഇന്ത്യയില്‍ ആദ്യമായി വണ്‍ ഹെല്‍ത്ത് പദ്ധതി സംസ്‌ഥാനത്ത് നടപ്പിലാക്കുന്നു. മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം തന്നെ മൃഗങ്ങളുടേയും പരിസ്‌ഥിതിയുടേയും ആരോഗ്യം നിലനിര്‍ത്തി രോഗ പ്രതിരോധമാണ് വണ്‍ ഹെല്‍ത്തിലൂടെ ലക്ഷ്യമിടുന്നത്.

ജന്തുജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണമായ സംഭവങ്ങളുടെ നിരീക്ഷണം, ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെ നേരത്തെ കണ്ടെത്തല്‍, ആവശ്യകത അനുസരിച്ചുള്ള പങ്കാളിത്ത ഇടപെടലുകള്‍ എന്നിവയാണ് വണ്‍ ഹെല്‍ത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഘട്ടം ഘട്ടമായി സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കും.

വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി

ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി വിദഗ്‌ധ ചികിൽസ നല്‍കുന്നതിന് സംസ്‌ഥാന ആരോഗ്യവകുപ്പ് ആരംഭിക്കുന്ന പദ്ധതിയാണ് പോപ്പുലേഷന്‍ ബേസ്‌ഡ്‌ സ്‌ക്രീനിംഗ് അഥവാ വാര്‍ഷിക ആരോഗ്യ പരിശോധന. ഈ പദ്ധതിയിലൂടെ 30 വയസിന് മുകളിലുള്ള എല്ലാ വ്യക്‌തികളുടെയും ജിവിതശൈലീ രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെ കുറിച്ചുമുള്ള വിവരശേഖരണം നടത്തുന്നതിന് ആശ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഇ ഹെല്‍ത്ത് മുഖേന ശൈലി എന്ന പേരില്‍ ആപ്പ് സജ്‌ജമാക്കിയിട്ടുണ്ട്.

ആശ പ്രവര്‍ത്തകര്‍ വിവരശേഖരണം നടത്തി കഴിയുമ്പോള്‍ തന്നെ ആ പ്രദേശത്തെ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാകുന്നതാണ്. ഇതിലൂടെ പ്രാദേശികമായിട്ടും സംസ്‌ഥാനതലത്തിലുമുള്ള ജിവിതശൈലീ രോഗങ്ങളുടെ യഥാര്‍ഥ കണക്ക് ലഭ്യമാകുന്നതാണ്. ഇത് ആരോഗ്യ പദ്ധതികളുടെ ആസൂത്രണത്തിനും ചികിൽസക്കും ഏറെ സഹായകരമാകുന്നതാണ്.

സംസ്‌ഥാന കാന്‍സര്‍ നിയന്ത്രണ പദ്ധതി

കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്‌ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് കാന്‍സര്‍ നിയന്ത്രണ പദ്ധതി. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പങ്കാളിത്തോടെ കാന്‍സര്‍ സെന്ററുകളുടേയും ആശുപത്രികളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ശാസ്‌ത്രീയമായ അവബോധം നല്‍കി കാന്‍സര്‍ കുറച്ച് കൊണ്ടുവരിക, കാന്‍സര്‍ പ്രാരംഭ ദിശയില്‍ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കി പരമാവധി കാന്‍സര്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തുക, കാന്‍സര്‍ സെന്ററുകളേയും, മെഡിക്കല്‍ കോളേജുകളെയും ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളേയും ഉള്‍പ്പെടുത്തി കാന്‍സര്‍ കെയര്‍ ഗ്രിഡ് രൂപീകരിച്ച് കാന്‍സര്‍ ചികിൽസ വികേന്ദ്രീകരിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Most Read: ബിജെപിയും മോദിയും രണ്ട് ഹിന്ദുസ്‌ഥാൻ ഉണ്ടാക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE