കോഴിക്കോട്: വടകരയിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. വില്യാപ്പള്ളിയിലും തോടന്നൂരിലുമാണ് നായ്‌ക്കളുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വില്യാപ്പള്ളിയിലെ രണ്ടുപേർക്കാണ് ആദ്യം കടിയേറ്റത്. പിന്നാലെ ചെക്കോട്ടി ബസാറിൽ ബസ് കാത്തു നിൽക്കുകയായിരുന്ന സ്‌ത്രീക്കും കടിയേറ്റു. തൊട്ടുപിന്നാലെ തോടന്നൂരിലെ നാലുപേരെയും തെരുവ്‌നായ്‌ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു. കാലിലും കൈക്കും മുഖത്തുമാണ് കൂടുതൽ പേർക്കും കടിയേറ്റത്.
അതേസമയം, കോഴിക്കോട് ജില്ലയിൽ തെരുവുനായ ശല്യം അനുദിനം വർധിക്കുകയാണ്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ തദ്ദേശ സ്‌ഥാപനങ്ങൾ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. സ്‌കൂൾ തുറന്ന സാഹചര്യത്തിൽ തെരുവ്‌നായ്‌ക്കളുടെ ആക്രമണം ഭയന്ന് കുട്ടികളെ സ്‌കൂളിൽ അയക്കാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്ന അവസ്‌ഥയാണ്.
Most Read: വായുമലിനീകരണം നിയന്ത്രിക്കാൻ നടപടി; മാലിന്യം കത്തിക്കുന്നത് ശിക്ഷാർഹം