മീററ്റ്: രാജ്യതലസ്‌ഥാനത്തിന് ശ്വാസംമുട്ടുകയാണ്. റോഡിലൂടെ വാഹനമോടിച്ച് പോകുമ്പോൾ പൊടിയും പുകയുമടിച്ച് കണ്ണ് നീറുന്നത് ആളുകൾക്ക് പതിവായിരിക്കുന്നു. സർക്കാർ പല നടപടികളുമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. നവംബർ അഞ്ചിന് ദീപാവലി കഴിഞ്ഞ ദിവസം മുതൽ ഡെൽഹിയിലെ സ്‌ഥിതി ഗുരുതരാവസ്‌ഥയിലാണ്. ദിവസങ്ങൾ കഴിഞ്ഞിട്ടും വായുനിലവാര സൂചിക(എക്യുഐ) ഗുരുതരാവസ്‌ഥയിൽ നിന്ന് മെച്ചപ്പെടാതെ വന്നതോടെയാണ് സുപ്രീം കോടതി ഇടപെട്ട് ഡെൽഹിയിൽ അടിയന്തര ലോക്ക്‌ഡൗൺ ഏർപ്പെടുത്താൻ നിർദ്ദേശിച്ചത്.
ഇതിന് പിന്നാലെ വായുമലിനീകരണം നിയന്ത്രിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാർ. റോഡുകളിൽ വെള്ളം തളിക്കാൻ തുടങ്ങി. ഇതിനായി 16 ടാങ്കറുകൾ സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്ന് മുനിസിപ്പൽ കമ്മീഷണർ മനീഷ് ബൻസാൽ അറിയിച്ചു. ആന്റി സ്‌മോക് ഗണ്ണുകളും സജ്‌ജമാക്കി. മാലിന്യം കത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്‌തമാക്കി.
വായുഗുണനിലവാര സൂചികയിൽ (എയർ ക്വാളിറ്റി ഇൻഡക്‌സ്) 379ൽ തന്നെ തുടരുകയാണ് ഡെൽഹി. സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ അടിയന്തര ലോക്ക്‌ഡൗൺ നടപ്പാക്കാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചിരുന്നു. രാജ്യ തലസ്‌ഥാനത്തെ സ്‌ഥിതി ഗുരുതരമാണെന്നും, വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ട അവസ്‌ഥയാണെന്നും ചീഫ് ജസ്‌റ്റിസ് എൻവി രമണ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ വായു ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള അടിയന്തര നടപടികൾ അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോടും, ഡെൽഹി സർക്കാരിനോടും നിർദ്ദേശിക്കുകയും ചെയ്‌തു.
വയലവശിഷ്‌ടങ്ങൾ കർഷകർ കൂട്ടിയിട്ട് കത്തിക്കുന്നതാണ് മലിനീകരണം രൂക്ഷമാകാൻ കാരണമായതെന്നാണ് കേന്ദ്ര സർക്കാരും സംസ്‌ഥാന സർക്കാരും സുപ്രീം കോടതിയിൽ അറിയിച്ചത്. എന്നാൽ ഇക്കാര്യം കോടതി തള്ളുകയും ചെയ്‌തു. കര്‍ഷകരെ മാത്രം കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും, വയലവശിഷ്‌ടങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ബദല്‍ സംവിധാനങ്ങള്‍ ശക്‌തമാക്കണമെന്നും കോടതി അറിയിച്ചു. കൂടാതെ രാഷ്‌ട്രീയത്തിനപ്പുറത്ത് വിഷയത്തില്‍ യോജിച്ച പ്രവര്‍ത്തനം ആവശ്യമാണെന്നും കോടതി വ്യക്‌തമാക്കി.
Also Read: കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുന്നവർ സാഡിസ്‌റ്റുകൾ; മുഖ്യമന്ത്രി