മലപ്പുറം: പുത്തനത്താണിയിൽ വയറിളക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച ഏഴു വയസുകാരന് രോഗം വന്നത് വിനോദയാത്ര വഴിയാകാമെന്ന് ആരോഗ്യവകുപ്പ്. സംഭവത്തിൽ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. കുട്ടിയുടെ ബന്ധുക്കൾ ഈ മാസം രണ്ടു മുതൽ അഞ്ചുവരെ കൊടെക്കനാൽ, മൂന്നാർ അടക്കമുള്ള സ്‌ഥലങ്ങളിൽ വിനോദയാത്ര പോയിരുന്നു. തിരിച്ചെത്തിയ ശേഷം വീട്ടിലെ അഞ്ചുപേർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു.
പത്താം തീയതി മരിച്ച കുട്ടി ഈ വീട് സന്ദർശിച്ചിരുന്നു. ഈ സമയം കുട്ടിക്ക് രോഗം പകർന്നിട്ടുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. 13ന് കുട്ടിയും കുടുംബവും വയനാട്ടിൽ യാത്ര പോയിരുന്നു. തിരിച്ചെത്തിയപ്പോഴേക്കും അവശനായ കുട്ടിയെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആരോഗ്യനില മോശമായതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസമായി വെന്റിലേറ്ററിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. തുടർന്ന് ഷിഗല്ലയാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് ആശുപത്രി അധികൃതർ കുട്ടിയുടെ സാമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു.
ഫലം വന്നാൽ മാത്രമേ ഷിഗല്ല ആണോ അല്ലയോ എന്ന കാര്യം വ്യക്‌തമാവുകയുള്ളൂ. അതേസമയം, ജില്ലയിൽ ഷിഗല്ല ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക അറിയിച്ചു. മരണപ്പെട്ട കുട്ടിയിൽ ഷിഗല്ലയുടെ എല്ലാം ലക്ഷണങ്ങളും കണ്ടതായി ഡോക്‌ടർമാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ജില്ലാതല ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികൾ ഊർജിതമാക്കുകയും ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതും നിർമിക്കുന്നതുമായ സ്‌ഥാപനങ്ങളിൽ പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു.
Most Read: കുഞ്ഞാലിക്കുട്ടിയുമായി ‘രഹസ്യ കൂടിക്കാഴ്‌ച’; അസ്വാഭാവികമായി ഒന്നുമില്ലെന്ന് കെടി ജലീൽ