എറണാകുളം: ജില്ലയിലെ വ്യാപാര സ്‌ഥാപനങ്ങൾ ചൊവ്വാഴ്‌ച തുറന്നു പ്രവർത്തിക്കും. സംയുക്‌ത വ്യാപാരി സംഘടനകളാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ന് ചെറുകിട, ഇടത്തരം വ്യാപാര സ്‌ഥാപനങ്ങൾ നിർബന്ധമായി അടപ്പിച്ചപ്പോൾ ലുലു മാൾ, റിലയൻസ് സൂപ്പർ മാർക്കറ്റ് എന്നിവ തുറന്നു പ്രവർത്തിച്ചു. ഇതേ തുടർന്നാണ് നാളെ വ്യാപാര സ്‌ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് സംഘടനകൾ വ്യക്‌തമാക്കിയത്.
സംസ്‌ഥാനത്തെ ലക്ഷോപലക്ഷം ചെറുകിട ഇടത്തരം വ്യാപാര സ്‌ഥാപനങ്ങളെ ഉന്‍മൂലനം ചെയ്‌ത് കേരളത്തിന്റെ വിപണി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതി കൊടുക്കാനുള്ള അടവു നയത്തിന്റെ ഭാഗമായാണ് ഇന്ന് ചെറുകിട, ഇടത്തരം വ്യാപാര സ്‌ഥാപനങ്ങൾ നിർബന്ധപൂർവം അടപ്പിച്ചതെന്ന് വ്യാപാരി സംഘടനാ നേതാക്കൾ വ്യക്‌തമാക്കി. അതിനാൽ തന്നെ ഉപജീവനം കണ്ടെത്തുന്നതിനുള്ള പൗരന്റെ മൗലികാവകാശത്തെ കുത്തക മുതലാളിമാര്‍ക്ക് അടിയറവ് വെക്കില്ലെന്നും നാളെ വ്യാപാര സ്‌ഥാപനങ്ങൾ തുറക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Read also: സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാർ ചൊവ്വാഴ്‌ച ഹാജരാകണം; ഉത്തരവ് പുറത്തിറങ്ങി