കോവിഡ് ബാധിച്ച് നെഗറ്റീവായാലും വേണം ചികിൽസ

By Desk Reporter, Malabar News
treatment-after-covid-positive
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിൽസക്ക് ശേഷം നെഗറ്റീവ് ആവുന്നതോടെ എല്ലാം ഭേദമായി എന്ന് കരുതരുതെന്ന് ആരോഗ്യവകുപ്പ് മുൻ ഡയറക്‌ടർ ഡോ. എൻ ശ്രീധർ. കോവിഡ് നെഗറ്റീവായ ശേഷവും ആരോഗ്യപ്രശ്‌നങ്ങൾ തുടരുകയും പലരും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ ചികിൽസാ രീതിയിൽ മാറ്റങ്ങൾ വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. സി റിയാക്‌ടീവ്‌ പ്രോട്ടീൻ (സിആർപി) ടെസ്‌റ്റ് പ്രോൽസാഹിപ്പിക്കണമെന്നും കോവിഡ് നെഗറ്റീവായാൽ പൂർണ രോഗമുക്‌തി നേടിയെന്ന ധാരണ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

പരിശോധനാ ഫലം പോസിറ്റീവാകുന്ന ദിവസത്തിന് പകരം കോവിഡ് ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്ന ദിവസത്തെ ആദ്യ ദിനമായി കണക്കാക്കണം. ലക്ഷണങ്ങളില്ലെങ്കിൽ ടെസ്‌റ്റ് റിസൾട്ട് വന്ന ദിവസം ആദ്യം ദിനമായികണക്കാക്കാം. ഇതിന് ശേഷം അഞ്ചാം ദിവസവും, എട്ടാം ദിവസവും, പത്താം ദിവസവും, പതിനാലാം ദിവസവും സിആർപി പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. രോഗി കോവിഡ് നെഗറ്റീവ് ആയതിന് ശേഷവും പരിശോധന തുടരണം. സിആർപി ഉയരുകയാണെങ്കിൽ എറ്റവും അടുത്ത ആശുപത്രിയിൽ ചികിൽസ തേടണം.

താരതമ്യേന ചിലവ് കുറഞ്ഞതും കൂടുതൽ ലാബുകളിൽ ലഭ്യമായതുമാണ് സിആർപി പരിശോധന. എട്ടാം ദിവസം ഡി- ഡൈമർ ടെസ്‌റ്റ് നടത്തുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം പറയുന്നു. ഈ പരിശോധന അൽപം ചിലവ് കൂടിയതാണ്. എന്നാൽ, രക്‌തം കട്ടപിടിക്കാനുള്ള സാധ്യത കണ്ടെത്തുന്നതിന് ഇത് ഏറെ ഫലപ്രദമാണ്.

സിആർപി പരിശോധനക്ക് ശേഷം ആശുപത്രിയിലെത്തിയാൽ മറ്റ് കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷം ഡോക്‌ടർ ചികിൽസ തീരുമാനിക്കും. ചുമയുണ്ടെങ്കിൽ എക്‌സ് റേ എടുക്കുകയും ന്യുമോണിയയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കുകയും വേണം. അടിവയറ്റിൽ വേദനയുണ്ടെങ്കിൽ ഡി-ഡൈമർ ടെസ്‌റ്റ് നിർബന്ധമായും ചെയ്യണം. ഇത് പോസിറ്റീവാണെങ്കിൽ സ്‌റ്റിറോയ്‌ഡുകളും രക്‌തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകളും വേണ്ടി വരും. ഹൃദ്രോഗത്തിന്റെ സാധ്യതയും ഉയർന്ന ബിപിയും ഉണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ഡോ. എൻ ശ്രീധർ പറഞ്ഞു.

ഇരുന്നൂറിൽ ഒരാൾക്ക് മാത്രമാണ് കോവിഡാനന്തരം ഇത്തരം രോഗലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളത്. പക്ഷേ എല്ലാ രോഗികൾക്കും സിആർപി പരിശോധന നടത്തണമെന്ന് ഡോ. ശ്രീധർ പറയുന്നു. കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ ഇത് അത്യാവശ്യമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പരിശോധനയിൽ എന്തെങ്കിലും അസ്വാഭാവികമായി കാണുകയാണെങ്കിൽ ഉടൻ വൈദ്യ സഹായം തേടണം. കൂടുതൽ പരിശോധനകൾ വേണോയെന്നും എന്ത് ചികിൽസയാണ് വേണ്ടതെന്നും ഡോക്‌ടർമാർ തീരുമാനിക്കും.

രക്‌തത്തിലെ ഓക്‌സിജൻ നില മാത്രം നോക്കുകയും കോവിഡ് നെഗറ്റീവായാൽ പൂർണ രോഗമുക്‌തനായെന്ന് കരുതുകയും ചെയ്യുന്ന സ്‌ഥിതി മാറണമെന്നും സാധാരണക്കാരൻ രോഗത്തെക്കുറിച്ച് അവബോധം നേടണമെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് സിആർ‌പി?

കരളിൽ കാണപ്പെടുന്ന അക്യൂട്ട് ഫേസ് റിയാക്‌ടന്റാണ് സി റിയാക്‌ടീവ്‌ പ്രോട്ടീൻ (സിആർ‌പി). കരൾ വീക്കം, അണുബാധ എന്നിവ കാരണമായി രക്‌തത്തിൽ സിആർ‌പി അളവ് വർധിച്ചേക്കാം. പ്രമേഹം, രക്‌താതിമർദ്ദം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവർക്കും സിആർപി നേരിയ തോതിൽ ഉയരും. അതുപോലെ റൂമറ്റോയ്‌ഡ്‌ , ആർത്രൈറ്റിസ് എന്നീ രോ​ഗങ്ങൾ ഉള്ളവരിലും ഇത് മിതമായ അളവിൽ ഉയരുന്നു. എന്നാൽ, ബാക്‌ടീരിയ, വൈറസ്, ഫംഗസ് അണുബാധയുള്ളവർക്ക് ഇതിന്റെ അളവ് അപകടകരമായ തോതിൽ വർധിക്കും. ഇത് കണ്ടുപിക്കുന്നതിനും ചികിൽസ നടത്തുന്നതിനുമായാണ് സിആർപി ടെസ്‌റ്റ് നടത്തുന്നത്.

Most Read:  ‘വെള്ള’ വസ്‌ത്രങ്ങളുടെ ശോഭ കെടാതിരിക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE