കൊല്ലം : പ്രശസ്‌ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കൊല്ലം ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചയോടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
കൊല്ലം ചാത്തന്നൂർ സ്വദേശിയായ സോമദാസ് റിയാലിറ്റി ഷോകളിലൂടെയാണ് ശ്രദ്ധേയനായത്. 2008ൽ സംപ്രേക്ഷണം ചെയ്‌തിരുന്ന ഐഡിയ സ്‌റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ആലാപന രംഗത്തേക്ക് കടന്നുവന്ന സോമദാസ് തുടർന്ന് നിരവധി ചിത്രങ്ങളിലും, സ്‌റ്റേജ് ഷോകളിലും ഗായകനായി എത്തി. ശേഷം പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 2ൽ മൽസരാർഥിയായും സോമദാസ് എത്തിയിരുന്നു.
കോവിഡ് ബാധിതനായതിനെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസയിലിരിക്കുമ്പോൾ അദ്ദേഹത്തിന് വൃക്ക രോഗം കണ്ടെത്തിയതിനെ തുടർന്ന് വിദഗ്‌ധ ചികിൽസ നൽകിയിരുന്നു. കോവിഡ് നെഗറ്റീവ് ആയതിന് ശേഷം അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റാനിരിക്കെയാണ് ഹൃദയാഘാതം ഉണ്ടായി മരണം സംഭവിച്ചത്.
അണ്ണാറ കണ്ണനും തന്നാലായത്, മിസ്‌റ്റർ പെർഫെക്‌ട്, മണ്ണാംകട്ടയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ശബ്‌ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവൻ മണിയുടെ ഇടപെടലിനെ തുടർന്നാണ് സോമദാസിന് സിനിമയിൽ അവസരം ലഭിച്ചത്.
Read also : സിറ്റി ഗ്യാസ് പദ്ധതി; ഗാർഹിക കണക്ഷൻ ഏപ്രിലോടെ